എടക്കര : കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പാലേമാട്ടെ 30 ആളുകളെ ഞായറാഴ്ച ആന്റിജൻ ടെസ്റ്റിന് വിധേയമാക്കും. ഒരുമാസത്തിനിടിയിൽ അഞ്ചുപേർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് പ്രദേശത്തെ നാല് വാർഡുകളിൽ ആരോഗ്യപ്രവർത്തകരുടെയും ആശ വൊളന്റിയർമാരുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച ആരോഗ്യസർവേ നടത്തിയിരുന്നു.

ഇതിൽ രോഗസാധ്യത കണ്ടെത്തിയവർക്കാണ് എടക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആന്റിജൻ ടെസ്റ്റ് നടത്തുക. പരിശോധനാഫലം പോസിറ്റീവായി കണ്ടെത്തിയവരുടെ സ്രവങ്ങൾ പരിശോധനയ്ക്ക്‌ അയയ്ക്കുകയും ഇവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയും ചെയ്യും. ജില്ലാ കോവിഡ് റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് സർവേ നടത്തിയത്. പരിശോധനയ്ക്ക് പോകുന്നവർക്ക് ആശുപത്രിയിലെത്താനുള്ള വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. എടക്കര പഞ്ചായത്തിലെ പള്ളിപ്പടി, പാലേമാട്, പായിമ്പാടം, വഴിക്കടവ് പഞ്ചായത്തിലെ ഒന്നാംപടി വാർഡുകളിലെ 2100 വീടുകളിലാണ് സർവേ നടത്തിയത്.

തൃക്കലങ്ങോട് 260 പേരോട്ക്വാറന്റീനിൽ പോകാൻനിർദേശം

തൃക്കലങ്ങോട് : തൃക്കലങ്ങോട് കോവിഡ് സ്ഥിരീകരിച്ച ലാബ് ടെക്‌നീഷ്യന്റെ സമ്പർക്കപ്പട്ടികയിലെ 260 പേരോട് ക്വാറന്റീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.

ആരോഗ്യക്ലിനിക്കിൽ പരിശോധനയ്ക്കായി ജൂലായ് അഞ്ചുമുതൽ 16 വരെ എത്തിയവരോടാണ് നിരീക്ഷണത്തിൽപ്പോകാൻ ആവശ്യപ്പെട്ടത്. ചീക്കോട് സ്വദേശിനിയായ ഇരുപത്താറുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലിനിക് താത്കാലികമായി അടച്ചു.