എടക്കര : കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പാലേമാട്ടിന് സമീപമുള്ള എടക്കര അങ്ങാടിയിൽ കോവിഡ് സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കിയിട്ടില്ലെന്ന് വിദഗ്ധസംഘം കണ്ടെത്തി. അഞ്ചുപേർക്ക് രോഗം ബാധിച്ച പാലേമാട് പ്രദേശത്ത് സർവേയും പഠനവും നടത്തിയ ജില്ലാ കോവിഡ് റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സാണ് ഇക്കാര്യം കണ്ടെത്തിയത്.

മിക്ക വ്യാപാരികളും കടയിലെത്തുന്നവരും സാനിറ്റൈസർ, മാസ്‌ക് എന്നിവ ഉപയോഗിക്കുന്നില്ല. സാമൂഹിക അകലവും പാലിക്കുന്നില്ല. കളിക്കളങ്ങളിൽ യഥേഷ്ടം കളി നടക്കുന്നുണ്ട്. പല ബാർബർഷോപ്പുകളിലും ഡിസ്‌പോസിബിൾ തുണികളോ കൈയുറയോ ഉപയോഗിക്കുന്നില്ല.

‌ഇതരസംസ്ഥാനത്തുനിന്ന്‌ എത്തുന്ന വാഹനങ്ങളിൽനിന്ന് ജീവനക്കാർ ചരക്കുകൾ കയറ്റിയിറക്കാൻ സഹായിക്കുന്നുണ്ട്. ഓട്ടോറിക്ഷകളിൽ ഡ്രൈവർമാർക്ക് പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ല. തെരുവുകച്ചവടക്കാരും മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ബസുകളിലും ഇറച്ചി, മീൻ മാർക്കറ്റുകളിലും സാമൂഹിക അകലം പാലിക്കുന്നില്ലെന്നും കണ്ടെത്തി.

പാലേമാട്ടുനിന്ന്‌ നാലുകിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. നിലമ്പൂരിന്റെ കിഴക്കൻ മേഖലയിലെ പ്രമുഖ ടൗണാണ് എടക്കര. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ രോഗം ഇവിടേക്ക്‌ വ്യാപിക്കാൻ സാധ്യതയുണ്ടെന്നും സംഘാംഗങ്ങൾ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.

പഞ്ചായത്ത് ഓഫീസിൽ നടന്ന അവലോകനയോഗം പി.വി. അൻവർ എം.എൽ.എ. ഉദ്ഘാടനംചെയ്തു.

പ്രസിഡന്റ് ആലീസ് അമ്പാട്ട് അധ്യക്ഷതവഹിച്ചു. ഡോ. ജാബിദ്, കബീർ പനോളി, അഡ്വ. യു. ഗിരീഷ്‌കുമാർ, ഡോ. നവ്യ, ഡോ. സുബിൻ, തോപ്പിൽ ബാബു, അനിൽ ലൈലാക്, എം.കെ. ചന്ദ്രൻ, സത്താർ മാഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.