എടക്കര : അഞ്ചുപേർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പാലേമാട്ടെ വീടുകളിൽ ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ സർവേ വ്യാഴാഴ്ച പൂർത്തിയായി. ആന്റിജൻ ടെസ്റ്റിന് വിധേയമാക്കാനുള്ള ആളുകളെ കണ്ടെത്തുന്നതിനാണ് സർവേ നടത്തിയത്.

ലഭിച്ച വിവരങ്ങൾ വെള്ളിയാഴ്ച വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ വിലയിരുത്തും. വഴിക്കടവ് പഞ്ചായത്തിലെ ഒന്നാംപടി വാർഡിലുള്ള 535 വീടുകളിലും എടക്കര പഞ്ചായത്തിലെ പള്ളിപ്പടി, പാലേമാട്, പായിമ്പാടം വാർഡുകളിലെ 1,600 വീടുകളിലുമാണ് സർവേ നടത്തിയത്. മുപ്പതോളം ആശാപ്രവർത്തകരാണ് സർവേയിൽ പങ്കെടുത്തത്.

ജില്ലാ കോവിഡ് റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്. സർവേ റിപ്പോർട്ടിൽ രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട എട്ട് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. രോഗ ലക്ഷണങ്ങൾ കണ്ടെത്തുന്നവരെ ടെലിഫോൺ വഴി വിവരം അറിയിക്കും.

എടക്കര ടൗണിൽ വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പല സ്ഥാപനങ്ങളിലും രോഗപ്രതിരോധ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെന്ന് സംഘം കണ്ടെത്തി. ആവശ്യമായ സാനിറ്റൈസർ പല കടകളിലും ഇല്ല.

മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും നിരവധി ആളുകൾ കടയിൽ എത്തുന്നതായും കണ്ടെത്തി. വൈകീട്ട് എടക്കര പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ ഇക്കാര്യം ഇവർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വിപുലമായ യോഗം ചേരുമെന്ന് സംഘാംങ്ങൾ അറിയിച്ചു.