എടക്കര : ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ച പാലേമാട് ഒരാൾക്ക് കൂടി കോവിഡ് രോഗബാധ. ഇതോടെ പ്രദേശത്തെ ജനം ആശങ്കയിലായി. ഇതോടെ പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി.

വിദേശത്തുനിന്നും നാട്ടിലെത്തിയ പ്രവാസിക്കാണ് ജൂൺ 19-ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇയാളിൽ നിന്നുള്ള സമ്പർക്കത്തെ തുടർന്നാണ് മറ്റു മൂന്നുപേർക്ക് കഴിഞ്ഞയാഴ്ച രോഗം പകർന്നത്. ഇതിലെ ഒരാളിൽ നിന്നാണ് അഞ്ചാമത്തെ ആളിലേക്കും രോഗം പടർന്നത്.

രോഗം വ്യാപകമായതിനെ തുടർന്ന് എടക്കര പഞ്ചായത്തിലെ പാലേമാട് ഉൾപ്പെടെയുള്ള മൂന്ന് വാർഡുകളും വഴിക്കടവ് പഞ്ചായത്തിലെ ഒരു വാർഡിലും കഴിഞ്ഞ ബുധനാഴ്ച മുതൽ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്നു. അറുപതോളം ആളുകൾക്കാണ് ഇവിടെ സ്രവപരിശോധന നടത്തിയത്. ഇതിൽ 25 ആളുകളുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്.

രോഗം ബാധിച്ച ചിലരുടെ കുടുംബാംഗങ്ങളുടെ പരിശോധനാഫലവും നെഗറ്റീവായിരുന്നു. പ്രദേശത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും തീരുമാനം.