എടക്കര

: മൂത്തേടം കുറ്റിക്കാട്ടെ ‘ജെസ്റ്റിൻ ടൈലേഴ്‌സി’ൽ ആശാനും ശിഷ്യൻമാരും വീണ്ടും ഒത്തുകൂടി; ഏഴ് ശിഷ്യൻമാർക്കുപിന്നാലെ ആശാൻ വർഗീസിനും സർക്കാർ ജോലി കിട്ടിയത് ആഘോഷിക്കാൻ.

തങ്ങളെ സർക്കാർ ഉദ്യോഗസ്ഥരാക്കിയ ആശാന് പൊന്നാനി ഹാർബർ എൻജിനീയറിങ്ങിൽ ഡ്രൈവറായി നിയമനം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ശിഷ്യൻമാർ. തന്റെ തയ്യൽക്കട പഠനവീടാക്കിയ ശിഷ്യൻമാരെ സർക്കാർ ജീവനക്കാരാക്കിയ ശേഷമാണ് ജോലിക്ക് ചേരുന്നതെന്ന ആനന്ദം ആശാനും.

ശിഷ്യൻമാർക്ക് പറയാൻ ഒന്നുമാത്രം -'നിങ്ങളാണ് ആശാനേ, ശരിക്കും ആശാൻ'.

കാഞ്ഞിരംതാനത്ത് വർഗീസ് എന്ന ജെയ്ൻ 20 വർഷം മുൻപാണ് കുറ്റിക്കാട് അങ്ങാടിയിൽ തയ്യൽക്കട തുടങ്ങിയത്. സഹോദരൻമാരെപ്പോലെ സർക്കാർ ഉദ്യോഗസ്ഥനാകണമെന്ന സ്വപ്നം ജോലിക്കിടയിലും അദ്ദേഹം ഉപേക്ഷിച്ചില്ല. തയ്യലിനിടിയിലായിരുന്നു പി.എസ്.സി. പരിശീലനം. ജോലിയും പഠനവും ഒരുമിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടിയപ്പോഴാണ് പുതിയ ആശയം പിറന്നത്. പ്രദേശത്തെ യുവാക്കളെ പഠനപദ്ധതിയിൽ ഉൾപ്പെടുത്തുക. പരമാവധി ആളുകളെ സർക്കാർ ജോലിയിൽ എത്തിക്കുക.

അങ്ങനെ, തയ്യൽക്കടയിൽ എത്തിയവർക്കെല്ലാം വർഗീസ് ‘ആശാനാ’യി. വർഗീസ് തയ്യൽജോലി ചെയ്യുമ്പോൾ ഓരോരുത്തരായി പരിശീലനപുസ്തകങ്ങൾ വായിക്കും. ചോദ്യങ്ങളും ഉത്തരങ്ങളുമായി കാലങ്ങൾ കഴിഞ്ഞു. ഒപ്പം കൂടിയവരെല്ലാം മുൻപേപറന്ന പക്ഷികളായി.

കൂടുതൽസമയം കടയിൽ ചെലവഴിച്ച ഇ.എ. ഷെമീറലിക്കാണ് ആദ്യം ജോലി കിട്ടിയത്. ട്രഷറിയിലായിരുന്നു നിയമനം. പിന്നാലെ കെ.ടി. അബ്ദുൾറഫീഖിന് ഫിഷറീസ്, കെ.കെ. മുസ്തഫയ്ക്ക് മണ്ണുപര്യവേഷണം, എ.കെ. മൻസൂറിന് പോലീസ്, സി.കെ. സലാഹുദ്ദീന് കെ.എസ്.ഇ.ബി, നിധിന് മാനവേദൻ ഹയർസെക്കൻഡറി സ്‌കൂൾ, നിഖിൽ രാജിന് ഇറിഗേഷൻ എന്നിവിടങ്ങളിലും ജോലിയായി.

പല പരീക്ഷകൾ എഴുതിയെങ്കിലും വർഗീസിനെ ഭാഗ്യം തുണച്ചില്ല. ഒടുക്കം, 2014-ലെ പി.എസ്.സി. ഡ്രൈവർ പരീക്ഷ വഴിത്തിരിവായി. 2015-ൽ റാങ്ക് ലിസ്റ്റിൽ വന്നു, ഇപ്പോൾ നിയമന ഉത്തരവും.

കോവിഡ് കാരണം പൊന്നാനിയിലെ സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. അടുത്തയാഴ്ച വർസീസ് ജോലിയിൽ പ്രവേശിക്കുമ്പോൾ ഭാര്യ മിൻസിയുടെയും മക്കൾ മിഥുൻ, അജിൻ, അശ്വിൻ എന്നിവരുടെയും സ്വപ്നംകൂടിയാണ് പൂവണിയുന്നത്.