എടക്കര : കോവിഡ് സ്ഥിരീകരിച്ച പ്രവാസിയുമായുള്ള സമ്പർക്കത്തിലൂടെ രണ്ടുപേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് പാലേമാട്ടെ നാല് കടകൾ ആരോഗ്യവകുപ്പധികൃതർ അടപ്പിച്ചു.

ഒരു ഹോട്ടൽ ഉൾപ്പെടെയുള്ള കടകളാണ് 14 ദിവസത്തേക്ക് അടപ്പിച്ചത്. ഇവിടെയുള്ള ജീവനക്കാരോട് ക്വാറന്റീനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. സാമിക്കുന്നിലെ ലോഡിങ് തൊഴിലാളിക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുമായുള്ള സമ്പർക്കപ്പട്ടികയിലുള്ള അറുപതോളം ആളുകൾ ഇവിടെ ക്വാറന്റീനിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചു. രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ട് ബന്ധപ്പെട്ടവർ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണം. പാലേമാട്ടെ മുഴുവൻ കടകളിലും ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻ ചാർജ് അനീഷ്, ജെ.എച്ച്.ഐ സുബീഷ് എന്നിവരുടെ നേതൃത്വത്തിൽ ആവശ്യമായ നിർദേശങ്ങൾ നൽകി. ഇവിടെ സ്ഥാപനങ്ങൾ വൈകീട്ട് ഏഴുമണിക്ക് അടയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.