എടക്കര : നാട്ടിലെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ ക്വാറന്റീൻ സൗകര്യം ഒരുക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ പഞ്ചായത്ത് അംഗങ്ങൾ എടക്കരയിൽ സെക്രട്ടറിയെ ഉപരോധിച്ചു.

രണ്ട് ക്വാറന്റീൻ കേന്ദ്രങ്ങളാണ് എടക്കരയിൽ പ്രവർത്തിച്ചിരുന്നത്. അധികൃതർ ഉടമയുമായി ഒത്തുകളിച്ച് ലോഡ്ജിൽ പ്രവർത്തിച്ചിരുന്ന ഒരുകേന്ദ്രം പൂട്ടി. അവശേഷിച്ച കേന്ദ്രത്തിൽ നാമമാത്രമായ ആളുകളാണ് ക്വാറന്റീനിൽ കഴിയുന്നത്.

സ്വന്തം വീടുകളിൽ ആവശ്യമായ സൗകര്യമില്ലാത്ത പ്രവാസികൾ ക്വാറന്റീനിൽ കഴിയാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

സ്വന്തം ചെലവിൽ ഇവരോട് സൗകര്യം കണ്ടെത്താനാണ് പഞ്ചായത്ത് അധികൃതർ പറയുന്നതെന്ന് സമരക്കാർ ആരോപിച്ചു. പോലീസും സെക്രട്ടറിയും ചേർന്ന് സമരക്കാരുമായി നടത്തിയ ചർച്ചയേത്തുടർന്നാണ് സമരം പിൻവലിച്ചത്.

അടച്ചിട്ട ലോഡ്ജ് തുറക്കാമെന്ന് അധികൃതർ ഉറപ്പ് നല്കിയതായി പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കപ്രാട്ട്, എം.കെ. ചന്ദ്രൻ, റോയി പട്ടന്താനം, വില്യംസ്, ഷൈനി പാലക്കുഴി, ഉഷ രാജൻ എന്നിവർ പറഞ്ഞു.

സി.പി.എം. അംഗങ്ങൾ പ്രതിഷേധധർണ നടത്തി

പാണ്ടിക്കാട് : യു.ഡി.എഫ്. നേതൃത്വം നൽകുന്ന പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ക്വാറന്റീൻ കേന്ദ്രം ഒരുക്കുന്നതിൽ അലംഭാവം കാട്ടിയെന്നാരോപിച്ച് സി.പി.എം. അംഗങ്ങൾ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സി.പി.എം. മഞ്ചേരി ഏരിയാ കമ്മിറ്റിയംഗം കെ. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. പി. അബ്ദുപ്പ അധ്യക്ഷതവഹിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി പി.കെ. മുബഷിർ ,സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി കൊരമ്പയിൽ ശങ്കരൻ, എം. മുൻഷാദ്, പി. ഗോപാലകൃഷ്ണൻ, ടി. ശ്രീദേവി, പി. റോഷ്ന എന്നിവർ പങ്കെടുത്തു.