എടക്കര : നിരോധിത ലഹരിവസ്തുക്കളുടെ കടത്തൽ കണ്ടെത്താനായി ജില്ലയിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള വാഹനപരിശോധന തുടങ്ങി. കേരളപോലീസിന്റെ 'നവജീവൻ 2020' പദ്ധതിയുടെ ഭാഗമായാണ് പരിശോധന. നർക്കോട്ടിക് സ്‌നിഫർ ഡോഗ് ലെയ്കയും സംഘത്തിലുണ്ട്.

അതിർത്തി ചെക്ക് പോസ്റ്റുകൾ, പ്രധാന നഗരങ്ങൾ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ചരക്കുവാഹനങ്ങളും യാത്രാവാഹനങ്ങളും പരിശോധിക്കുന്നുണ്ട്. രാവിലെ നാടുകാണിച്ചുരത്തിൽ എത്തിയ സംഘത്തിന്റെ പരിശോധന സന്ധ്യവരെ തുടർന്നു. സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ അയൽ സംസ്ഥാനങ്ങളിൽനിന്ന് ചരക്ക് വാഹനങ്ങളിൽ എത്തിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പെരിന്തൽമണ്ണ എ.എസ്.പി. ഹേമലതയുടെ നേതൃത്വത്തിൽ ചുരത്തിൽനടന്ന പരിശോധനയിൽ വഴിക്കടവ് സി.ഐ. പി. അബ്ദുൾബഷീർ, പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങളായ സി.പി. മുരളി, ടി. ശ്രീകുമാർ, മനോജ് കുമാർ, കൃഷ്ണകുമാർ, ഡോഗ് സ്ക്വാഡ് അംഗങ്ങളായ ഷിബു, സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.