എടക്കര : ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനവ്യൂഹം വഴിക്കടവ് ആനമറിക്കുണ്ടിലേക്ക് കുതിച്ചുപായുന്നു. നിർത്തിയിട്ട വാഹനങ്ങളിൽനിന്ന് പോലീസ് ഉൾപ്പെടെയുള്ളവർ വെട്ടുകത്തിക്കോട്ട മലയിലേക്ക് ഓടിക്കയറുന്നു. സ്‌ട്രച്ചറിൽ കിടത്തിയ മൂന്ന് ആളുകളുമായി സംഘം വാഹനത്തിൽക്കയറി അതിവേഗം തിരികെപ്പോകുന്നു.

പരിക്കേറ്റ ആളുകളെ വഴിക്കടവ് കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നു. ദുരന്തബാധിതർക്കായി മണിമൂളി ക്രൈസ്റ്റ് കിങ് ഹൈസ്കൂളിൽ ക്യാമ്പ് തുറക്കുന്നു.

സംഭവിച്ചത് എന്താണെന്നറിയാതെ നാട്ടുകാർ ഭയത്തോടെയും അമ്പരപ്പോടെയും നിന്നു. ഉരുൾപൊട്ടൽ ഉണ്ടായാൽ സർക്കാരിന്റെ വിവിധവകുപ്പുകൾ തമ്മിൽ ഏകോപിപ്പിക്കാനുള്ള മോക്ഡ്രില്ലാണ് നടന്നതെന്ന് തിരിച്ചറിഞ്ഞിട്ടും നാട്ടുകാരുടെ അമ്പരപ്പ് കുറഞ്ഞില്ല.

കഴിഞ്ഞവർഷം ഉരുൾപൊട്ടൽ സംഭവിച്ച പ്രദേശമാണ് വെട്ടുകത്തിക്കോട്ട. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ റവന്യു, അഗ്നിരക്ഷാസേന, ആരോഗ്യം, വാഹനഗതാഗതം, പോലീസ് എന്നീ വകുപ്പുകൾചേർന്നാണ് മോക്ഡ്രിൽ നടത്തിയത്. നിലമ്പൂർ താലൂക്ക് ഓഫീസിലെ കൺട്രോൾറൂമിൽനിന്ന് തഹസിൽദാർ സുഭാഷ് ചന്ദ്രബോസ്, അഗ്നിരക്ഷാസേന സീനിയർ ഓഫീസർ യൂസഫ്അലി എന്നിവർ നിർദേശങ്ങൾ നൽകി.

വണ്ടൂർ ബി.ഡി.ഒ. കേശവദാസ്, വഴിക്കടവ് സി.ഐ. അബ്ദുൾബഷീർ, അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾഗഫൂർ, വില്ലേജ് ഓഫീസർ അഷറഫ്, ഡോ. അമീൻ ഫൈസൽ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഈസ്റ്റർ യാഷിക്ക, പഞ്ചായത്തംഗം ഹക്കിം, ട്രോമകെയർ അംഗങ്ങൾ എന്നിവർ നേതൃത്വംനൽകി.