എടക്കര : ശുചീകരണത്തൊഴിലാളി ജോലി ഒഴിവാക്കിയതോടെ ക്വാറന്റീനിൽ കഴിയാനായി എത്തിയ യുവാവ് കൊറോണ കെയർ സെന്ററിൽ മുറികിട്ടാതെ കാത്തുനിന്നത് രണ്ട് മണിക്കൂർ. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റും സംഘവുംചേർന്ന് മുറി ശുചീകരിച്ച് യുവാവിന് നല്കി.

വഴിക്കടവ് പാലാട് എസ്.എച്ച്. ആശുപത്രിയിലെ കൊറോണ കെയർ സെന്ററാണ് പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകുവും സംഘവും ശുചീകരിച്ചത്. ദുബായിൽനിന്നെത്തിയ മരുത സ്വദേശിയായ യുവാവ് ക്വാറന്റീനിൽ കഴിയാനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് മുറി ശുചിയാക്കുന്ന തൊഴിലാളി ജോലി ഒഴിവാക്കിയതായി അധികൃതർ അറിയിച്ചത്. കൂടുതൽ കൂലി നല്കാമെന്ന് വാഗ്ദാനംനല്കിയിട്ടും ജോലി ഏറ്റെടുക്കാൻ ഇയാൾ തയ്യാറായില്ല. മറ്റ് പലരേയും ബന്ധപ്പെട്ടെങ്കിലും ശുചീകരണത്തിനെത്താൻ ആരും തയ്യാറായില്ല.

കെയർ സെന്ററിൽ 34 മുറികളുണ്ട്. എന്നാൽ ഒരു മുറി മാത്രമാണ് ഒഴിവുള്ളത്. കഴിഞ്ഞ ദിവസം വീട്ടിലേക്കുപോയ ഒരാൾ ഉപയോഗിച്ച മുറിയാണത്. വിവരം അറിഞ്ഞെത്തിയ ഇ.എ. സുകു, അംഗം ഹക്കിം, സി.എസ്. സുരേഷ്, ഡ്രൈവർ അരവിന്ദൻ, മുഹമ്മദാലി ആനമറി എന്നിവർ ചേർന്ന് മുറി ശുചീകരിച്ചു. പൊതുപ്രവർത്തകനായ മുഹമ്മദാലി തുടർന്നുള്ള ദിവസങ്ങളിൽ സ്ഥാപനം ശുചീകരിക്കാനുള്ള ദൗത്യം ഏറ്റെടുത്തതായും പ്രസിഡന്റ് പറഞ്ഞു.