എടക്കര : കനത്തമഴയിൽ നാടുകാണിച്ചുരം ഇടിഞ്ഞ് നിർമാണം പൂർത്തിയായ റോഡ് തകർന്നു. അന്ത:സംസ്ഥാന പാതയായ ചുരത്തിലെ അതിർത്തിയിലാണ് ശനിയാഴ്ചരാത്രി പന്ത്രണ്ടോടെ ചുരം ഇടിഞ്ഞത്. മണ്ണും കല്ലും മരങ്ങളും ഒഴുകിയെത്തി റോഡിന്റെ ഒരു ഭാഗം തകർന്നു. ഈഭാഗത്ത് രണ്ടടി താഴ്ചയിലാണ് റോഡ് ഒഴുകിപ്പോയത്. പുതിയതായി പണിത കലുങ്കിനുള്ളിൽ കല്ലും മണ്ണും നിറഞ്ഞിട്ടുണ്ട്. ചുരത്തിലെ ചോലകളിൽനിന്നുള്ള വെള്ളം ഇപ്പോൾ റോഡിലൂടെയാണ് ഒഴുകുന്നത്.‌

കലുങ്കിനുള്ളിൽനിന്ന് അടിയന്തരമായി മണ്ണുംകല്ലും നീക്കി വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കിയില്ലെങ്കിൽ റോഡിന്റെ തകർച്ചയ്ക്കുള്ള സാധ്യത കൂടുതലാണ്. ഈ ഭാഗത്ത് റോഡിൽ ഇഷ്ടിക പതിക്കുന്ന പ്രവൃത്തികൾ നടന്നുവരികയാണ്. മണ്ണിടിച്ചിലിൽ പതിച്ച ഇഷ്ടികകളും ഒഴുകിപ്പോയി. ജാറം മുതൽ തമിഴ്‌നാട്ടിലെ താഴെ നാടുകാണിവരെയുള്ള പ്രദേശങ്ങളിൽ കനത്തമഴയാണ് ശനിയാഴ്ച രാത്രിയിൽ പെയ്തത്. പഞ്ചായത്ത് അംഗം ഹക്കീം, മുത്തു, വനംവകുപ്പ് ജീവനക്കാർ എന്നിവർചേർന്ന് തടസ്സങ്ങൾ താത്‌കാലികമായി നീക്കിയതിനാലാണ് വാഹനങ്ങൾക്ക് സുഗമമായി ഓടാൻ കഴിഞ്ഞത്.