എടക്കര : നാടുകാണിച്ചുരത്തിൽ ആനക്കൂട്ടം മേയുന്നത് ചരക്ക് വാഹനങ്ങളുടെ ഗതാഗതത്തിന് തടസ്സമാകുന്നു. ലോക്ഡൗണിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ അന്തർസംസ്ഥാന പാതവഴി ചരക്കുവാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്.

ഗതാഗതം കുറഞ്ഞതിനാൽ ഏറെക്കുറെ ചുരം റോഡ് വിജനമാണ്. ഇതാണ് ആനക്കൂട്ടം ഇവിടെ മേയാൻ കാരണം. കത്തിയ പഞ്ചസാര ലോറിയിൽനിന്ന് അവശേഷിച്ച പഞ്ചസാര തിന്നാനായി പതിവായി ആനക്കൂട്ടം എത്തിയതോടെ ആനമറി ഭാഗത്തുകൂടിയുള്ള യാത്ര ഭീതിയിലായിരുന്നു. റോഡിൽ നിലയുറപ്പിച്ച ആനക്കൂട്ടത്തിന്റെ മുൻപിലേക്കാണ് പലപ്പോഴും വാഹനങ്ങൾ എത്തുന്നത്. ഹോൺ മുഴക്കിയാലും ആനക്കൂട്ടം മാറുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.