എടക്കര: ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഉണ്ടായിട്ടും ഉച്ചയ്ക്കുശേഷമുള്ള ഒ.പി. നടത്തുന്നതിനും കിടത്തിച്ചികിത്സയ്ക്കും മെഡിക്കൽഓഫീസർ തടസ്സം നിൽക്കുന്നുവെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകുവിന്റെ നേതൃത്വത്തിൽ വഴിക്കടവ് കുടുംബാരോഗ്യകേന്ദ്രത്തിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഫലംകണ്ടു.

െെവകീട്ട് നടന്ന ചർച്ചയിൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെ പരിശോധന നടത്തുമെന്ന് ഉറപ്പു നൽകി. ഇതിനായി ഉച്ചവരെ രണ്ട് ഡോക്ടർമാരും ഉച്ചയ്ക്ക് ശേഷം ഒരു ഡോക്ടറും ഉണ്ടാകും. കിടത്തിച്ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ അടുത്തയാഴ്ച ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രിയിൽ എത്തുമെന്നും അധികൃതർ ഉറപ്പുകൊടുത്തു. ഇതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സന്ധ്യയോടെ ചുങ്കത്തറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ചാച്ചി, ഡോ. അനൂപ് എന്നിവരാണ് സമരക്കാരുമായി സംസാരിച്ച് സമരം അവസാനിപ്പിച്ചത്.

ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് ഉച്ചയ്ക്ക് രണ്ടരമുതൽ സമരം തുടങ്ങിയത്. ആശുപത്രിയിൽ നാല് ഡോക്ടർമാരും അഞ്ച് നഴ്‌സുമാരും ആവശ്യമുള്ള മറ്റു ജീവനക്കാരും ഉണ്ട്. ഇതിനാൽ ഉച്ചയ്ക്കുശേഷമുള്ള പരിശോധനയും കിടത്തിച്ചികിത്സയും തുടങ്ങണമെന്ന് പലതവണ എച്ച്.എം.സി. യോഗം തീരുമാനിച്ചിരുന്നു. എന്നാൽ തീരുമാനം നടപ്പാക്കാൻ മെഡിക്കൽ ഓഫീസർ അമീൻ ഫൈസൽ താത്‌പര്യമെടുക്കുന്നില്ലെന്ന് സമരക്കാർ പറഞ്ഞു.

എച്ച്.എം.സി. യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ന് ചേരാൻ തീരുമാനിച്ചതാണ്. മറ്റൊരു യോഗത്തിൽ പങ്കെടുക്കാനുണ്ടെന്ന കാരണംപറഞ്ഞ് ഡോക്ടർ എത്തിയില്ല. കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും യോഗത്തിന് എത്തിയിരുന്നു. അന്വേഷണത്തിൽ ജില്ലയിൽ ഒരിടത്തും ഡോക്ടർമാരുടെ യോഗം നടക്കുന്നില്ലെന്ന് പ്രസിഡന്റ് പറഞ്ഞു.

ജില്ലാപഞ്ചായത്ത് അംഗം ഒ.ടി. ജയിംസ്, ബ്ലോക്ക് അംഗം ബൈജു പാലാട്, വൈസ് പ്രസിഡന്റ് പി.ടി. സാവിത്രി, അംഗങ്ങളായ ബിനിഷ് ജോസ്, മാനു കോന്നാടൻ, കരിം, മുഹമ്മദ് അഷറഫ്, ഷിഫ്‌ന ശിഹാബ്, അശോകൻ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.