കോട്ടയ്ക്കൽ: നഗരസഭയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുവെന്നുകാണിച്ച് അനധികൃതമായി ശമ്പളം കൈപ്പറ്റിയെന്ന് ആരോപണം. ഇതേത്തുടർന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സെക്രട്ടറിയെ ഉപരോധിച്ചു.

വിവരാവകാശനിയമപ്രകാരം നഗരസഭയിലെ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് ഇതുവരെ ജോലിക്കെത്താത്ത ഒരാളുടെ പേരിൽ വർഷങ്ങളായി ശമ്പളം വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. നാലുവർഷമായി 12000 രൂപ ഓരോമാസവും കൈപ്പറ്റിയിരുന്നതായാണ് കാണുന്നത്.

ഏതെങ്കിലും തരത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് വിശദമായി അന്വേഷണം നടത്തുമെന്ന് സെക്രട്ടറി മണികണ്ഠൻ പറഞ്ഞു. സി.പി.എം. ലോക്കൽ സെക്രട്ടറി ടി. കബീർ സെക്രട്ടറിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് പ്രവർത്തകർ പിരിഞ്ഞുപോയി. ടി.പി. ഷമീം, ശ്രീജിത്ത് കുട്ടശ്ശേരി, എം.പി. സുർജിത്ത്, സഫ്ദർരാജ്, പി. വൈശാഖ് എന്നിവർ നേതൃത്വംനൽകി.

ആരോപണം അടിസ്ഥാനരഹിതം

മെസഞ്ചർ തസ്തികയിലുള്ള ഒരാൾക്ക് നഗരസഭയുടെ ഓഫീസിലല്ല ജോലി. അയാൾ പുറത്തുനിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. അത് കൃത്യമായി നടക്കുന്നുണ്ട് (കെ.കെ. നാസർ, നഗരസഭാധ്യക്ഷൻ).