താനൂർ: വേനലിലും വർഷക്കാലത്തും ഒരുപോലെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന താനൂരുകാർക്ക് ഇനി അൽപ്പം ആശ്വസിക്കാം. ലിറ്ററിന് 20 രൂപയ്ക്ക് കുടിവെള്ളത്തിന്റെ കൊള്ളക്കച്ചവടം നടക്കുമ്പോൾ നാടെങ്ങും രണ്ടുരൂപയ്ക്ക് ശുദ്ധജലം ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് താനൂർ എം.എൽ.എ വി. അബ്ദുറഹിമാൻ. ശുദ്ധജലലഭ്യത കുറവായ ദേശങ്ങളിൽ ഉപയോഗിക്കുന്ന നൂതന സാങ്കേതികതയായ ആർ.ഒ. (റിവേഴ്‌സ് ഓസ്‌മോസിസ്) പ്ലാന്റുകളാണ് ഇതിനായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ തയ്യാറാക്കിയിരിക്കുന്നത്.
ക്രിസ്റ്റൽ എന്നാണ് പ്ലാന്റിന്റെ പേര്. ദേവധാർ, നിറമരുതൂർ, താനാളൂരിലെ രണ്ടിടങ്ങൾ, ഒഴൂർ എന്നിങ്ങനെ മണ്ഡലത്തിലെ അഞ്ചിടങ്ങളിൽ ഇതിനോടകംതന്നെ പ്ലാന്റുകൾ സജ്ജമാക്കി. അതത് പ്രദേശത്തെ പ്ലാന്റിൽനിന്ന് ശുദ്ധീകരിച്ചാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. രണ്ടുരൂപയുടെ നാണയമിട്ടാൽ ആർക്കും ഒരുലിറ്റർ ശുദ്ധജലം ലഭിക്കും . 87 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെവഴിക്കുന്നത്. ഒഴൂരിലെ കുറുവട്ടിശ്ശേരിയിൽ സ്ഥാപിച്ച പ്ലാന്റ് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ നാടിന് സമർപ്പിച്ചു.
140 കോടി ചെലവഴിച്ച് എം.എൽ.എ. മണ്ഡലത്തിൽ നടപ്പാക്കാൻ പോവുന്ന 64 പദ്ധതികളുടെ ഉദ്ഘാടനവും സ്‌പീക്കർ നിർവഹിച്ചു. വി. അബ്ദുറഹിമാൻ എം.എൽ.എ. അധ്യക്ഷനായി. കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു സംരഭം തുടങ്ങുന്നതെന്നും അടുത്തഘട്ടത്തിൽ താനൂരിന്റെ തീരപ്രദേശത്തുകൂടി പ്ലാന്റുകൾ സ്ഥാപിക്കുമെന്നും എം.എൽ.എ. പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ. റസാഖ്, ജില്ലാപഞ്ചായത്ത് മെമ്പർ ഹനീഫ പുതുപ്പറമ്പ്, ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. പ്രജിത, വൈസ് പ്രസിഡന്റ് അഷ്‌കർ കോറാട്, പ്രമീള മാമ്പറ്റയിൽ എന്നിവർ പ്രസംഗിച്ചു.
എന്താണ് ആർ.ഒ.
ലവണങ്ങളും മാലിന്യങ്ങളും അടങ്ങിയ ജലത്തിൽ വലിയതോതിൽ മർദംചെലുത്തി അർധസുതാര്യ സ്തരത്തിലൂടെ കടത്തിവിടുന്ന പ്രക്രിയയാണ് റിവേഴ്‌സ് ഓസ്‌മോസിസ്. ഇതിലൂടെ ജലത്തിൽനിന്ന് ആവശ്യമില്ലാത്ത ലവണങ്ങളും അയോണുകളും വേർതിരിക്കപ്പെടുകയും ശുദ്ധജലം ലഭിക്കുകയും ചെയ്യുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ ലഭ്യമായ ജലം ശുദ്ധീകരിച്ച കുടിവെള്ളമാക്കി ഉപയോഗിക്കാനാണ് ഈ സാങ്കേതികത ഉപയോഗിക്കുന്നത്. ദ്വീപുകളിലും വിദേശരാജ്യങ്ങളിലുമെല്ലാം ആർ.ഒ. പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്.
Content Highlights: Drinking water-two rupees-v abdurahiman