തിരൂർ: തീരദേശത്ത് പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റു. രണ്ടുകരക്കാർ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വാടിക്കൽ സ്വദേശി മരയ്ക്കാരുപുരയ്ക്കൽ അസ്സയിനാരുകുട്ടിയുടെ മകൻ മനാഫി(45)നാണ് തലയ്ക്കും കാലിനും വെട്ടേൽക്കുകയും ഇരുമ്പുവടികൊണ്ട് അടിയേൽക്കുകയും ചെയ്തത്.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. തീരദേശത്തെ മൂന്നങ്ങാടി, വാടിക്കൽ കരക്കാരായ മത്സ്യത്തൊഴിലാളികൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിനിടയാക്കിയത്. യമഹ എൻജിൻ അറ്റകുറ്റപ്പണി നടത്തുന്ന വാടിക്കൽ കരക്കാരനായ മനാഫ് പടിഞ്ഞാറെക്കര അഴിമുഖത്തെത്തിയപ്പോൾ ഒരുസംഘമാളുകൾ വാളും ഇരുമ്പുവടികളുമായി മനാഫിനെ പിന്തുടരുകയും മനാഫ് സമീപത്തെ വീട്ടിൽ അഭയം തേടുകയുമായിരുന്നു. എന്നാൽ അക്രമിസംഘം ഈ വീട്ടിൽ അതിക്രമിച്ചുകയറി മനാഫിനെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമത്തിനിടയിൽ വീട്ടിലുണ്ടായിരുന്ന പടിഞ്ഞാറെക്കര കടവിൽപറമ്പിൽ പുഷ്‌പയ്ക്കും പരിക്കേറ്റു. പുഷ്‌പയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കൽകോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം മൂന്നങ്ങാടി സ്വദേശിയായ യുവാവിനെ ചിലർ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇതിനു തിരിച്ചടിയാണ് ഈ അക്രമമെന്നറിയുന്നു. എന്നാൽ ഇത് രാഷ്‌ട്രീയ സംഘർഷമല്ലെന്ന് പോലീസ് പറഞ്ഞു. തിരൂർ പോലീസ് കേസെടുത്തു.