മലപ്പുറം: ആർത്തുവിളിച്ച കാണികളുടെ പ്രാർഥനയും ഫലംകണ്ടില്ല; ബി.എൻ. മല്ലിക് പോലീസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ കാണാതെ ആതിഥേയരായ കേരള പോലീസ് പുറത്തായി. നിലവിലെ ചാമ്പ്യന്മാരായ ബി.എസ്.എഫും കേരളത്തെ സെമിയിൽ തോൽപ്പിച്ച സി.ആർ.പി.എഫും വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. കോട്ടപ്പടി മൈതാനത്ത് വൈകീട്ട് 7.30-നാണ് ഫൈനൽ.

നിരവധി അവസരങ്ങളാണ് കേരളം തുലച്ചത്. അവസാനമിനിറ്റിൽ ലഭിച്ച പെനാൽറ്റിയും മുൻ ചാമ്പ്യന്മാർക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. കളിയുടെ 16-ാംമിനിറ്റിൽ ഇദേർജീത്താണ് കേരള പോലീസിന്റെ വല കുലുക്കിയത്. ആദ്യ പകുതിയിൽത്തന്നെ ഗോൾ വീണതതോടെ കേരളത്തിന്റെ വീര്യം ചോർന്നു. പലപ്പോഴും എതിരാളികൾ സ്വന്തം കാലിൽനിന്ന് പന്ത് തട്ടിയെടുക്കുന്നതായിരുന്നു കാഴ്ച.

രണ്ടാംപകുതിയിൽ കൂടുതൽ കരുത്താർജിച്ച് മുന്നേറിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. അവസാനനിമിഷത്തിൽ ഷനൂബിനെ വീഴ്‌ത്തിയതിന് പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ശരത്‌ലാൽ പുറത്തേക്കടിച്ചു.

ആദ്യ സെമിയിൽ ബി.എസ്.എഫ്. ഏകപക്ഷീയമായ ഒരുഗോളിന് പഞ്ചാബ് പോലീസിനെ തോൽപ്പിച്ചു. 37-ാം മിനിറ്റിൽ അവിനാഷ് ഥാപ്പ നേടിയ ഗോളിനാണ് ബി.എസ്.എഫ്. നിലവിലെ റണ്ണേഴ്‌സായ പഞ്ചാബിനെ മുട്ടുകുത്തിച്ചത്. വ്യാഴാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനലിൽ കേരള പോലീസ് സി.ഐ.എസ്.എഫിനെ നേരിടും.

Content Highlights: CRPF Team Win in Football Tournament Malappuram