എരമംഗലം : ചുടലപ്പറമ്പുകൾ, പള്ളിക്കാടുകൾ, ശ്‌മശാനങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കുന്ന ‘ശാന്തി കവാടം’ പദ്ധതിയുമായി സി.പി.എം. കാടുമൂടിക്കിടക്കേണ്ട അനാഥ ഇടങ്ങളല്ല, നമ്മുടെയെല്ലാം മരണമില്ലാത്ത ഓർമകളുടെ പൂങ്കാവനങ്ങളാണ് അവയെന്ന തിരിച്ചറിവാണ് പദ്ധതി നടപ്പാക്കുന്നതിനു പ്രേരിപ്പിച്ചതെന്ന് സി.പി.എം. പൊന്നാനി ഏരിയാസെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ പറഞ്ഞു.

നവംബർ 27, 28 തീയതികളിൽ നടക്കുന്ന സി.പി.എം. പൊന്നാനി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായാണ് ശാന്തികവാടം പദ്ധതി നടപ്പാക്കുന്നത്. പൊന്നാനി ഏരിയാ കമ്മിറ്റിക്കുകീഴിലെ പൊന്നാനി സൗത്ത്, പൊന്നാനി നഗരം, പൊന്നാനി, ചെറുവായിക്കര, ഈഴുവത്തിരുത്തി, കാഞ്ഞിരമുക്ക്, മാറഞ്ചേരി, എരമംഗലം, പെരുമ്പടപ്പ്, വെളിയങ്കോട് എന്നീ ലോക്കൽ കമ്മിറ്റികൾക്കുകീഴിൽ പദ്ധതി നടപ്പാക്കും.

ഒരു ലോക്കൽ കമ്മിറ്റിക്കുകീഴിൽ സമ്മേളനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്രത്തിലെങ്കിലും പദ്ധതി നടപ്പാക്കും. തുടർന്ന് കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. മഹല്ലു കമ്മിറ്റികൾ, ക്ഷേത്ര കമ്മിറ്റികൾ, പള്ളി ഇടവക, പൊതുശ്‌മശാനങ്ങളുമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

അതാത് ലോക്കൽകമ്മിറ്റിക്കുകീഴിൽ ശാന്തി കവാടം പദ്ധതിക്കായി പാർട്ടി അംഗങ്ങളും അനുഭാവികളുമായവ രുടെ സന്നദ്ധടീമിനെ തയ്യാറാക്കും. ഇവരുടെ നേതൃത്വത്തിലാണ് ഉദ്യാനങ്ങളൊരുക്കലും പരിപാലനവും. പരിസ്ഥിതി പ്രവർത്തകനും ജൈവകർഷകനുമായ അനീഷ് നെല്ലിക്കലിനെപ്പോലുള്ളവരുടെ സഹകരണവും പദ്ധതി നടത്തിപ്പിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

പൊന്നാനി സിവിൽസ്റ്റേഷൻ പരിസരത്തെ ഹൈദ്രോസ് പള്ളി, കോടമ്പി ജാറം എന്നിവിടങ്ങളിലെ ഖബർസ്ഥാനുകളിൽ ശനിയാഴ്‌ച പത്തിന് ശാന്തി കവാടം പദ്ധതിയുടെ പൊന്നാനി ഏരിയാതല ഉദ്ഘാടനത്തിന് തുടക്കമാവും.