കാലടി : ചിരട്ടച്ചായ എന്നുകേട്ടിട്ടുണ്ടോ? കാലടി തണ്ടലത്തുള്ള നെല്ലാക്കര പടിയത്ത് സോമസുന്ദരന്റെ ചായക്കടയിൽവന്നാൽ സ്ട്രോങ്ങായി ഒരു ചിരട്ടച്ചായ കുടിക്കാം. അങ്ങനെ ചിരട്ടച്ചായ എന്തെന്നു നേരിൽ മനസ്സിലാക്കാം. ഇവിടുത്തെ അടുപ്പിൽ കത്തിക്കാൻ ചിരട്ട മാത്രമേ ഉപയോഗിക്കൂ. അങ്ങനെയാണ് ‘സോമേട്ടന്റെ’ ചായയ്ക്ക് ചിരട്ടച്ചായയെന്ന പേരു വീണത്.

പുലർച്ചെ മൂന്നരയോടെയാണ് സോമേട്ടന്റെ ഒരുദിവസത്തെ ചായക്കട ജീവിതം ആരംഭിക്കുന്നത്. അത് രാവിലെ 11 വരെ നീളും. അച്ഛൻ പത്മനാഭൻ 80 വർഷം മുമ്പ് ആരംഭിച്ച ചായപ്പീടിക കച്ചവടം അച്ഛന്റെ കാലശേഷം കഴിഞ്ഞ 35 വർഷമായി സോമസുന്ദരനാണ് തുടരുന്നത്. അച്ഛനിൽനിന്നാണ് സോമസുന്ദരന് കൈപ്പുണ്യം പകർന്നു കിട്ടിയത്. പഴയ കാലത്തുള്ള പാചകശൈലി തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. അന്ന് ചായയും പുട്ടും പപ്പടവും മാത്രമായിരുന്നെങ്കിൽ ഇപ്പോൾ പുട്ടിന് കറികൾകൂടി അധികമായി ഉണ്ടെന്നു മാത്രം.

ചായക്ക് നാടൻപാലേ ഉപയോഗിക്കൂ, സ്വന്തമായി പൊടിച്ച അരിപ്പൊടിയിലേ പുട്ടുണ്ടാക്കൂ, നാടൻ വെളിച്ചെണ്ണയിലേ പപ്പടം പൊരിക്കൂ, ചിരട്ട കത്തിച്ചേ ഭക്ഷണം ഉണ്ടാക്കൂ .... അതാണ് സോമേട്ടന്റെ രീതി. സോമേട്ടന്റെ ചായപ്പീടികയ്ക്ക് പേരു വെച്ചുള്ള ബോർഡില്ലെന്നതും പ്രത്യേകതയാണ്. തണ്ടലത്തെ റോഡരികിൽ വലതുഭാഗത്ത് വാഹനങ്ങൾ നിരനിരയായി നിർത്തിയിട്ടത് കണ്ടാൽ മനസ്സിലാക്കണം അതാണ് സോമേട്ടന്റെ ചായക്കടയെന്ന്.

ഓലപ്പുരയായിരുന്ന ചായപ്പീടിക അടുത്തിടെ ഇരുമ്പുഷീറ്റ് മേഞ്ഞു. എന്നാൽ അതു വീണ്ടും ഓലപ്പുരയാക്കാൻ തന്നെയാണ് ഇപ്പോൾ സോമേട്ടന്റെ തീരുമാനം. തന്റെ ചായപ്പീടികയ്ക്ക് ഓലപ്പുര തന്നെയാണ് ചേർച്ചയെന്ന തിരിച്ചറിവാണ് ഇരുമ്പു ഷീറ്റ് മാറ്റാൻ സോമേട്ടനെ പ്രേരിപ്പിക്കുന്നത്. വസന്തയാണ് ഭാര്യ. ആര്യനന്ദ, അർച്ചന എന്നിവരാണ് മക്കൾ.