ചേലേമ്പ്ര : കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്ത് കൺടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് ജില്ലാ അതിർത്തിയിലെ മൂന്ന് പാലങ്ങൾ അടച്ചു. ചില പാലങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കുകയുംചെയ്തു. വള്ളിക്കുന്ന്‌, കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുക്കത്തുകടവ് പാലം, ചേലേമ്പ്ര, കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചരക്കടവ് പാലം, പാറക്കടവ് പാലങ്ങളാണ് പോലീസ് അടച്ചത്. മലപ്പുറം ജില്ലയിൽനിന്നുള്ള ഗ്രാമീണ റോഡുകളുമായി കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന പാലങ്ങളാണിത്. കടലുണ്ടി പഞ്ചായത്തിലെ മണ്ണൂർ വളവിൽ ഒരാൾക്ക് കോവിഡ് റിപ്പോർട്ട്ചെയ്തിരുന്നു. രോഗവ്യാപനസാധ്യത കണക്കിലെടുത്ത് ബുധനാഴ്ചയാണ് കടലുണ്ടി പഞ്ചായത്ത് കൺടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചത്. പ്രധാന പാലങ്ങളായ കോട്ടക്കടവ്, കടലുണ്ടിക്കടവ് അടക്കമുള്ള പ്രധാന മൂന്ന് പാലങ്ങൾ അടച്ചിട്ടില്ലെങ്കിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്‌.