ചേലേമ്പ്ര : പാറയിൽ പ്രവർത്തിക്കുന്ന മൻഹജ്റ ഷാദ് ഇസ്‌ലാമിക് കോളേജിൽ കഴിഞ്ഞ 10-ന് ഉച്ചയ്ക്കുശേഷം 2.30 മുതൽ നാല് മണി വരെ നടന്ന ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ നിർബന്ധമായും ഹോം ക്വാറന്റീനിൽ കഴിയണമെന്ന് ചേലേമ്പ്ര പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു.

മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

പാറയിൽ കോളേജ്, പള്ളി, അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങൾ എന്നിവ 17 മുതൽ ഏഴ്ദിവസത്തേക്ക് പൂർണ്ണമായും അടച്ചുപൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ആർക്കെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാൽ വാർഡ്‌ മെമ്പർമാരെയും ആരോഗ്യ പ്രവർത്തകരേയും വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. കോവിഡ് 19 പ്രോട്ടോകോൾ ലംഘിച്ച സംഘാടകർക്കെതിരേ നിയമ നടപടി സ്വീകരിക്കും. സമ്പർക്ക ലിസ്റ്റ് തയ്യാറാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകുകയും ചെയ്തു.

താനൂരിൽ ആശങ്കപരത്തി ഉറവിടമറിയാത്ത കോവിഡ്

താനൂർ : തീരദേശത്ത് ആശങ്ക സൃഷ്ടിച്ച് ഉറവിടമറിയാത്ത കോവിഡ്. കോവിഡ് കെയർ കേന്ദ്രവുമായി ബന്ധമുള്ള താനൂർ സ്വദേശിക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.

നഗരസഭയിൽ നടത്തുന്ന ആന്റിജൻ പരിശോധനയുടെ ഭാഗമായാണ് ഇയാൾ കോവിഡ് പരിശോധന നടത്തിയത്. ഇദ്ദേഹവുമായി സമ്പർക്കമുണ്ടായവരോട് ക്വാറന്റീനിൽ പോകാൻ നഗരസഭാധികൃതർ നിർദേശിച്ചു. കോവിഡ് സമ്പർക്കം കൂടിയതിനെ തുടർന്ന് നഗരസഭയിൽ ട്രിപ്പിൾലോക്ഡൗൺ നിലനിൽക്കുകയാണ്. 23-വരെയാണ് ട്രിപ്പിൾ ലോക്ഡൗൺ.

കോവിഡ് വ്യാപനം പരിശോധിക്കാൻ നഗരസഭയിൽ ആന്റിജൻ പരിശോധന നടന്നുവരികയാണ്. നഗരസഭയിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഞായറാഴ്ച കളക്ടറുമായുള്ള യോഗത്തിന് ശേഷം തിങ്കളാഴ്ചയോടെ പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിക്കാനാണ് നഗരസഭയുടെ ശ്രമം.