ചേലേമ്പ്ര : വൈദ്യുതിയില്ലാതെ ഓൺലൈൻ ക്ലാസ്സുകൾ ലഭിക്കാത്ത വിദ്യാർഥിക്ക് സ്കൂളധികൃതർ ഇടപെട്ട് അപേക്ഷ നൽകിയപ്പോൾ ഒരു മണിക്കൂറിനുള്ളിൽ വൈദ്യുതി കണക്‌ഷൻ നൽകി കെ.എസ്.ഇ.ബി.

ചേലേമ്പ്ര നാരായണൻനായർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനിയുടെ കുടുംബത്തിനാണ് വൈദ്യുതി ലഭിച്ചത്. ഫറോക്ക് കോളേജ് കൊറ്റമംഗലം വടക്കെ മേങ്ങാഞ്ചേരി വീട്ടിൽ സുനിൽകുമാറിനും കുടുംബത്തിനുമാണ് കെ.എസ്.ഇ.ബി. രാമനാട്ടുകര സെക്‌ഷൻ അധികൃതർ അപേക്ഷിച്ച് ഒരു മണിക്കൂറിനുള്ളിൽ വൈദ്യുതി കണക്‌ഷൻ നൽകിയത്. കൂലിപ്പണിക്കാരനായ സുനിൽകുമാറും കുടുംബവും കഴിഞ്ഞ ഒരുവർഷമായി ചെറിയ ഷെഡുണ്ടാക്കി വൈദ്യുതിയില്ലാതെ താമസിക്കുകയായിരുന്നു. മകളുടെ ഓൺലൈൻ പഠനസൗകര്യത്തിന്റെ ഭാഗമായി സ്കൂൾ അധികൃതർ വീട് സന്ദർശിച്ചപ്പോഴാണ് വൈദ്യുതിയില്ലാത്ത വിവരം അറിയുന്നത്. ഉടനെത്തന്നെ രാമനാട്ടുകര വൈദ്യുതി സെക്‌ഷൻ അധികൃതരുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കുകയുംചെയ്തു. ഉച്ചയ്ക്ക് ഒരുമണിക്ക് കൊടുത്ത അപേക്ഷയിൽ ഒരു മണിക്കൂറിനുള്ളിൽ നടപടി സ്വീകരിച്ച് വൈദ്യുതി കണക്‌ഷൻ നൽകുകയുംചെയ്തു.

രാമനാട്ടുകര അസിസ്റ്റന്റ് എൻജിനീയർ ഇ.എം. വിപിൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. സബ് എൻജിനീയർമാരായ സി. ഉദയഭാനു, എൻ.എസ്‌. സനൽ, സീനിയർ അസിസ്റ്റൻറ്്‌ എ. അനിൽകുമാർ, ഓവർസിയർ സി.വി. ഉണ്ണിക്കൃഷ്ണൻ, ലൈൻമാൻമാരായ കെ.എച്ച്. ഉമ്മർ ഫാറൂഖ് , കെ. രതീഷ്, സുജേഷ്, നാരായണൻ നായർ മെമ്മോറിയൽ സ്കൂൾ പ്രഥമാധ്യാപിക ആർ.പി. ബിന്ദു, സ്കൂൾ വികസനസമിതി ചെയർമാൻ ഉണ്ണിക്കൃഷ്ണൻ പിള്ളാട്ട്, പി.ടി.എ. വൈസ് പ്രസിഡന്റ് മുനീർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.