ചേലേമ്പ്ര : ചേലേേമ്പ്ര പഞ്ചായത്തിലെ കോടാട്ടിൽ-മുക്കത്തുകടവ് റോഡ് ഗതാഗതം ദുഷ്‌കരമായി. കാൽനടയാത്രയ്ക്കുപോലും പറ്റാത്ത സ്ഥിതിയിലാണ് റോഡ്.

ഈ റോഡിന് ആറുമീറ്റർ വീതിയില്ലാത്തതിനാലാണ് ഫണ്ട് ലഭിക്കാത്തതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ റോഡ് ആറുമീറ്ററിൽ വികസിപ്പിക്കാൻ വേണ്ടത്ര സ്ഥലം സ്ഥലമുടമകൾ വിട്ടുകൊടുത്തിട്ട് ഒന്നരവർഷം കഴിഞ്ഞു.

എന്നിട്ടും വീതികൂട്ടി മണ്ണിട്ട് റോഡ് ഉയർത്തുന്ന പണി തുടങ്ങിയിട്ടില്ല. 200 മീറ്റർ റോഡ് ഗ്രാമപ്പഞ്ചായത്തിന്റെയും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെയും പത്തുലക്ഷം ഫണ്ടുകൊണ്ട് വീതികൂട്ടി ഉയർത്തിയിട്ടുണ്ട്. ബാക്കിഭാഗം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുകൊണ്ട് പൂർത്തീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ അതിനുള്ള യാതൊന്നും നടന്നിട്ടില്ല.

ചേലേമ്പ്ര പഞ്ചായത്തിൽ ഇത്രയും അവഗണിക്കപ്പെട്ട മറ്റൊരു റോഡില്ലെന്ന് നാട്ടുകാർ പറയുന്നു. മഴപെയ്തതോടെ വെള്ളം കെട്ടിനിന്ന് വാഹനങ്ങൾക്കും ജനങ്ങൾക്കും സഞ്ചരിക്കാൻപറ്റാത്ത അവസ്ഥയാണ്.

ഒലിപ്പുറം കടവിൽനിന്നും ഫറോക്കിലേക്കുള്ള ദൂരം ഏറെ കുറയ്ക്കാൻ ഈ റോഡുപണി പൂർത്തിയായാൽ കഴിയും. ഈ റോഡിന്റെ ദുസ്ഥിതി അവസാനിപ്പിക്കാൻ രാഷ്ട്രീയവ്യത്യാസമില്ലാതെ ഇടപെടാൻ എല്ലാ ജനപ്രതിനിധികളോടും നാട്ടുകാർ ആവശ്യപ്പെട്ടു.