ചേലേമ്പ്ര : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തവർക്ക് അതിനുള്ള സൗകര്യമൊരുക്കാൻ പാർട്ടികളും യുവജന സംഘടനകളും സാംസ്കാരിക സ്ഥാപനങ്ങളും സജീവമായി രംഗത്ത്.

ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലകളിൽ ഒരുക്കുന്ന ഓൺലൈൻ പഠനക്ലാസുകളുടെ ചേലേമ്പ്ര പഞ്ചായത്ത്തല ഉദ്ഘാടനം കൊളക്കാട്ട് ചാലി എളന്നുമ്മൽ റീഡിങ് റൂം ആൻഡ് ലൈബ്രറിയിൽ നടന്നു. വീട്ടിൽ പഠനസൗകര്യം ഇല്ലാത്ത ഒന്ന്‌ മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഗ്രന്ഥശാലയിൽ പഠനസൗകര്യം ഒരുക്കുന്നത്. ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് പഠനക്ലാസ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് വി. മുഹമ്മദ്കോയ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. മോഹൻദാസൻ, കൊളക്കാട്ടുചാലി സ്കൂൾ പ്രഥമധ്യാപകൻ പി.ജെ. റോയ്, ടി. ഗോപാലകൃഷ്ണൻ, വനിതാവേദി കൺവീനർ ലിജിത എന്നിവർ പ്രസംഗിച്ചു.

തേഞ്ഞിപ്പലം: കടക്കാട്ടുപാറ നവോദയം വായനശാലയിൽ തുടങ്ങുന്ന ഓൺലൈൻ ക്ലാസിലേക്കാവശ്യമായ ടെലിവിഷൻ സെറ്റ് വായനശാലാ ഭാരവാഹി പരമേശ്വരൻ പട്ടച്ചാട്ടിൽ കൈമാറി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ് സ്കൂൾ പ്രഥമാധ്യാപകൻ വി. ബാലൻ ഏറ്റുവാങ്ങി.

വാർഡംഗം നഫീസ, എസ്.എം.സി. ചെയർമാൻ രഘുനാഥൻ, വി.കെ. ശശിഭൂഷൺ, സിന്ധു, ഹരിദാസൻ, പി. സിമി തുടങ്ങിയവർ പങ്കെടുത്തു.

പരപ്പനങ്ങാടി: പാലത്തിങ്ങൽ ഡി.ഡി. ഗ്രൂപ്പ് നൽകുന്ന സ്കൂൾവിദ്യാർഥികൾക്കുള്ള സൗജന്യ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പി.കെ. അബ്ദുറബ്ബ് എം.എൽ.എ. നിർവഹിച്ചു. 300 വിദ്യാർഥികൾക്കാണ് കിറ്റ് നൽകിയത്. പി.കെ. അനീസ്, സി. ഷറഫലി, കബീർ മച്ചിഞ്ചേരി, കെ.ടി. വിനോദ് എന്നിവർ പ്രസംഗിച്ചു.