ചേലേമ്പ്ര: കൃഷിചെയ്യാൻ മണ്ണും മനസ്സുമുണ്ടായിട്ടും അതിനുകഴിയാതെ മൂന്ന് കർഷകർ. ചേലേമ്പ്ര വെണ്ണായൂർ പാടശേഖരത്തിൽ ഉൾപ്പെട്ട എറിയാട്ട് കൃഷ്ണകുമാർ, ശ്രീനിവാസൻ, സ്വാമിനാഥൻ എന്നിവരുടെ ഭൂമിയാണ് കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയിലായത്. വെള്ളക്കെട്ടും മറ്റു കാരണങ്ങളുമാണ് പ്രശ്നം. പാരമ്പര്യമായി കൃഷിചെയ്തിരുന്ന ഒന്നരയേക്കറോളം വരുന്ന ഭൂമിയാണ് ഇത്. പത്തുവർഷത്തിലധികമായി ഇവിടെ കൃഷി മുടങ്ങിയിട്ട്.

ഇതിനടുത്ത ഭൂമിയെല്ലാം മണ്ണിട്ട് ഉയർത്തിയതോടെ മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടിനിൽക്കുകയാണ്. കൃഷിയിറക്കിയാൽ ചീഞ്ഞു നശിക്കും. മറ്റു ഭാഗങ്ങളിൽനിന്നു ഒഴുകിയെത്തുന്ന വെള്ളവും ഇവിടെ കെട്ടിക്കിടക്കും. മഴക്കാലത്ത് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് കവറുകളുടെയും തള്ളുന്ന കുപ്പികളുടെയും കുപ്പിച്ചില്ലുകളുടെയും പ്രശ്നം വേറെയും. രാത്രി മാലിന്യം തള്ളുന്നുമുണ്ട്. ഇവിടത്തെ നീർച്ചാലുകൾ പൂർണമായും അടഞ്ഞിരിക്കയാണ്. വെള്ളം ഒഴുകിപ്പോകാനും ഇടമില്ലാതായി. ഇതിനുസമീപം റോഡിൽ ഉണ്ടായിരുന്ന കോൺക്രീറ്റ് പൈപ്പിൽ നിറയെ കല്ല് വന്നടിഞ്ഞിരിക്കയാണ്. വെള്ളക്കെട്ട് സംബന്ധിച്ച് ആറുവർഷം മുമ്പ് റവന്യു അധികാരികൾക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.