ചേലേമ്പ്ര: വൻതുകമുടക്കി റോഡ് റബ്ബറൈസ് പണി നടത്തിയതിൽ അപാകതയുണ്ടെന്നാരോപിച്ച് നാട്ടുകാർ നൽകിയ പരാതിപ്രകാരം എം.എൽ.എ. സ്ഥലം സന്ദർശിച്ചു. നാല് കോടിയോളംരൂപ ചെലവിൽ നിർമാണം ആരംഭിച്ച ഇടിമുഴിക്കൽ - അഗ്രശാലാ - പാറക്കടവ് പൊതുമരാമത്ത് റോഡിന്റെ അറ്റകുറ്റപ്പണിയെക്കുറിച്ചാണ് ആരോപണമുയർന്നത്.

പണി പൂർത്തീകരിച്ച ഇടിമുഴിക്കൽ മുതൽ ചക്കുവളവ് വരെയുള്ള ഭാഗങ്ങളിലാണ് അപാകത കണ്ടെത്തിയത്. അപാകതകാരണം റോഡ് ഉയർന്നുംതാഴ്ന്നും നിൽക്കുന്ന അവസ്ഥയിലാണ്. റോഡിലെ താഴ്ച കഴിഞ്ഞദിവസം ബൈക്കപകടത്തിന് ഇടയാക്കിയതായും നാട്ടുകാർ കുറ്റപ്പെടുത്തി. നാട്ടുകാരുടെ പരാതിയിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ. തിങ്കളാഴ്ച സ്ഥലം സന്ദർശിച്ചു. ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് എം.എൽ.എ നാട്ടുകാർക്ക് ഉറപ്പുനൽകി.