ചേലേമ്പ്ര: പഞ്ചായത്തിൽ പുല്ലിപ്പറമ്പിൽ വിദ്യാർഥികൾക്കിടയിൽ പനി പടരുന്നു. ഇതേത്തുടർന്ന് പുല്ലിപ്പറമ്പ് യു.പി. സ്‌കൂളിൽ 25 ഓളം വിദ്യാർഥികൾക്ക് അവധി നൽകി.

പനിബാധിച്ച വിദ്യാർഥികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. സ്‌കൂളുകളിൽ ഹാജർനില കുറവാണ്. 15 ദിവസത്തേക്ക് പനിയുള്ള വിദ്യാർഥികൾക്ക് അവധി നൽകിയിട്ടുണ്ട്. ആഴ്ചയിൽ രണ്ടുവട്ടം കൂടുന്ന അസംബ്ലി നിർത്തിവെക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

ദിവസങ്ങൾക്ക് മുൻപ് ഡെങ്കിപ്പനി ബാധിച്ച് ചേലേമ്പ്രയിൽ യുവതി മരിച്ചിരുന്നു. എന്നാൽ വിദ്യാർഥികളിൽ കണ്ടെത്തിയത് സാധാരണ പനിയാണെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് പറഞ്ഞു. ചേലേമ്പ്രയിൽ ഗ്രാമപ്പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ കൃത്യമായ രീതിയിൽ പ്രതിരോധപ്രവർത്തനങ്ങൾ നടന്നുവരുന്നതായും, ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും രാജേഷ് ആവശ്യപ്പെട്ടു.