ചേലേമ്പ്ര: ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് മോഷ്ടിച്ച മൊബൈൽഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ തിരൂരങ്ങാടി സ്വദേശി പിടിയിലായി. ബിയാസ് ഫാറൂഖ് എന്നയാളാണ് രാമനാട്ടുകരയിൽവെച്ച് പിടിയിലായത്.

തിങ്കളാഴ്ചരാവിലെ ഇയാൾ രാമനാട്ടുകരയിലെ മൊബൈൽഷോപ്പിൽ രണ്ട് മൊബൈൽഫോൺ വിൽക്കാനായി ചെന്നു. കടയുടമ പണംനൽകി അവ വാങ്ങുകയും ചെയ്തു. യുവാവിന്റെ പെരുമാറ്റത്തിൽ സംശയംതോന്നിയ കടയുടമ പ്രൂഫും ബൈക്കിൻറെ നമ്പറും നോട്ട് ചെയ്തുവെച്ചു. ഫോൺ വാങ്ങിയ വകയിൽ 1500 രൂപ ബാക്കിവെക്കുകയും ചെയ്തു. വാങ്ങിയ ഫോൺ പരിശോധിച്ചപ്പോൾ വിവിധ നമ്പറിൽനിന്ന് മുപ്പതോളം മിസ്‌ഡ്‌േകാൾ വന്നത് കണ്ട കടയുടമ മറ്റ് ഷോപ്പുകാരെ വിവരം അറിയിക്കുകയായിരുന്നു.

മുപ്പതോളം മിസ്‌ഡ്‌േകാൾ വന്ന നമ്പറിലേക്ക് വിളിച്ചപ്പോൾ വേങ്ങരയിലെ ഒരു കടയിൽനിന്ന് മോഷ്ടിച്ച ഫോൺ ആണ് എന്ന് മനസ്സിലായി. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വൈകുന്നേരം ഇയാൾ വീണ്ടും അതേ ഷോപ്പിൽ മൊബൈൽഫോൺ വിൽക്കാൻ എത്തിയപ്പോൾ മൊബൈൽ ഷോപ്പ് ഉടമകൾ തന്ത്രപൂർവം ഇയാളെ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് വേങ്ങര പോലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി മൊബൈലും പ്രതിയെയും കൊണ്ടുപോവുകയുമായിരുന്നു.