ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പെട്ടെന്നുണ്ടായ രാജിയിൽ വിയോജിപ്പുമായി പല പഞ്ചായത്ത് അംഗങ്ങളും പ്രവർത്തകരും കോൺഗ്രസ് നേതൃത്വത്തിനെതിരേ രംഗത്ത്.
ചൊവ്വാഴ്ചയാണ് ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് ഒമ്പതാം വാർഡ് അംഗവുമായ അംബിക കുമാരി രാജിവെച്ചത്. ഈ സംഭവം പത്രങ്ങളിൽ വാർത്തയായി വന്നതോടെയാണ് യു.ഡി.എഫിലെ പല പഞ്ചായത്ത് അംഗങ്ങളും കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും പ്രവർത്തകരും വിവരം അറിയുന്നത്. ഇതോടെയാണ് മണ്ഡലം കോൺഗ്രസ് നേതൃത്വത്തിനെതിരേ ഒരു വിഭാഗം രംഗത്തെത്തിയത്.
ആരോഗ്യപരമായ കാരണങ്ങളാലാണ് അംബിക കുമാരി രാജിവെച്ചത് എന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും ഒരു വിഭാഗം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം ഘടകകക്ഷിയായ മുസ്‌ലിംലീഗ് കഴിഞ്ഞദിവസം നടന്ന യു.ഡി.എഫ്. യോഗത്തിൽ രാജിയിലെ വിയോജിപ്പ് കോൺഗ്രസ് നേതാക്കളെ അറിയിച്ചതായും കോൺഗ്രസിനകത്തെ പ്രശ്നമായതിനാൽ തത്കാലം പ്രശ്നത്തിൽ ഇടപെടില്ലെന്ന് നിലപാടെടുത്തതായും ആണ് സൂചന.