accidentരാമനാട്ടുകര : മേൽപ്പാലത്തിലൂടെ പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ താഴെവീണ തൊപ്പി എടുക്കാൻ ചെന്ന പതിനാറുകാരന് കാറിടിച്ച് ദാരുണാന്ത്യം. തോട്ടുങ്ങൽ മങ്ങാട്ടയിൽ മുസ്തഫയുടെ മകൻ ഷഹ്‌സാദ് (16) ആണ് അപകടത്തിൽ മരിച്ചത്.

ബുധനാഴ്ച വൈകീട്ട് മൂന്നര മണിക്കാണ് സംഭവം. രാമനാട്ടുകരയിലെ വീട്ടിൽനിന്ന് ബൈക്കിൽ പിതാവിന്റെ പിന്നിലിരുന്ന് ബന്ധുവീട്ടിലേക്ക് പോകവേ രാമനാട്ടുകര മേൽപ്പാലത്തിലാണ്‌ അപകടം. കൈയിലുണ്ടായിരുന്ന തൊപ്പി താഴെവീണത് എടുക്കാൻ ചെന്നതായിരുന്നു ഷഹ്‌സാദ്. ഇതിനിടെ എതിരേനിന്ന്‌ അതിവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മേൽപ്പാലത്തിൽനിന്ന് താഴേക്കു പതിച്ചു. ഉടൻ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല.

സേവാമന്ദിരം പോസ്റ്റ് ബേസിക്‌ സ്കൂളിൽനിന്ന് പത്താം തരം കഴിഞ്ഞ് ചെറുവണ്ണൂർ സ്കൂളിൽ പ്ലസ് വണ്ണിനു ചേരാനിരിക്കുകയായിരുന്നു. മാതാവ്: ഷഹനാസ്, സഹോദരങ്ങൾ: ഷഹബാസ്, ഈമാൻ. കബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് ചെമ്മലിൽ ജുമാമസ്ജിദിൽ.