തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിലെ ബയോടെക്നോളജി വിദ്യാർഥികൾക്ക് കൂണും മത്സ്യക്കൃഷിയും ഇനി തണലാകും. പ്രായോഗിക പരിശീലനത്തിനൊപ്പം തൊഴിൽ-വിപണന സാധ്യതകളും ലക്ഷ്യമിട്ട് വന്പൻ പദ്ധതികളാണ് പഠനവകുപ്പ് തയ്യാറാക്കുന്നത്.

കൂൺ വളർത്തൽ, കൂൺ വിത്ത് ഉത്പാദനം, തിലോപ്പിയ മത്സ്യക്കൃഷി, മണ്ണിര കമ്പോസ്റ്റ് എന്നിവയടങ്ങുന്ന സംയോജിത പദ്ധതിക്കാണ് രൂപംനൽകിയത്. ഇവയ്കും ബയോഗ്യാസ് പ്ലാന്റിനുമായി 7.22 ലക്ഷം രൂപ സിൻഡിക്കേറ്റ് അനുവദിച്ചു.

ശാസ്ത്രീയമായ രീതിയിൽ ചിപ്പിക്കൂൺ വളർത്താനും വിത്ത് ഉത്പാദിപ്പിക്കാനുമുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ വിജയിച്ചു. ഫംഗസുകളുടെ വളർച്ചയെക്കുറിച്ചുള്ള പ്രായോഗിക പഠനത്തിന് വിദ്യാർഥികളെ സഹായിക്കുന്നതോടൊപ്പം വരുമാനമാർഗമാക്കി മാറ്റാനാണ് പഠിപ്പിക്കുന്നത്‌. 17 വിദ്യാർഥികൾ പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ചുമതല വഹിക്കുന്ന അസോസിയേറ്റ് പ്രൊഫസർ സി. ഗോപിനാഥൻ പറഞ്ഞു.

95 ശതമാനം വൈക്കോലിനുപുറമേ മികച്ച വിളവുണ്ടാക്കുന്നതിന് സഹായകമാകുന്ന മറ്റുചേരുവകൾകൂടി ഇവിടെ പരീക്ഷിക്കും. മുൻപ്‌ പഠനവകുപ്പിലുണ്ടായിരുന്ന മണ്ണിര കമ്പോസ്റ്റ് സംവിധാനം നവീകരിച്ച് കാര്യക്ഷമമാക്കുകയാണ് മറ്റൊരു പരിപാടി. കൂൺ വളർത്തലിന് ഉപയോഗിച്ച കാലാവധി കഴിഞ്ഞ വൈക്കോൽ ബെഡുകൾ ഇവിടെ നശിപ്പിക്കാനാകും.

തിലോപ്പിയ മത്സ്യക്കൃഷിക്കായി പ്രത്യേകം ടാങ്ക് പണിയണം. മണ്ണിര കമ്പോസ്റ്റ് വളമായി ഉപയോഗിക്കുന്നതോടൊപ്പം ചെറിയ അളവിൽ മത്സ്യത്തിന് തീറ്റയായും പ്രയോജനപ്പെടുത്താനാകും. സർവകലാശാലയിലെ സയൻസ് ലാബുകളിൽ ഉപയോഗിക്കുന്ന ഡിസ്റ്റിൽഡ് വാട്ടർ നിർമാണത്തിലെ നഷ്ടംകുറയ്ക്കുന്ന പദ്ധതിയുമുണ്ട്. ഒരു ലിറ്റർ ഡിസ്റ്റിൽഡ് വെള്ളമുണ്ടാക്കുന്നതിന് 80 ലിറ്ററോളം വെള്ളം തണുപ്പിക്കലിനായി ഉപയോഗിക്കേണ്ടിവരും. ഇതു പാഴാക്കിക്കളയുകയാണ് പതിവ്. ഈ വെള്ളം പ്രത്യേകം ടാങ്കിൽ ശേഖരിച്ച് പുനരുപയോഗിക്കാവുന്ന സംവിധാനമൊരുക്കും.