തേഞ്ഞിപ്പലം: ഗുരുവായൂരമ്പലത്തിൽ തൊഴാൻ വരിനിൽക്കുമ്പോഴും മധുരയിലെ കണ്ണാശുപത്രിയിൽ ഡോക്ടറെ കാത്തിരിക്കുമ്പോഴും കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ സംശയങ്ങളുമായി ആളുകൾ രേണുകയെ സമീപിച്ചിട്ടുണ്ട്. പൂർണമായി കാഴ്ചയില്ലാതിരുന്നിട്ടും 28 വർഷം കാലിക്കറ്റ് സർവകലാശാലയിൽ മികച്ച സേവനം നൽകി ചൊവ്വാഴ്ച പടിയിറങ്ങുകയാണ് രേണുക വാരിയർ.

കാഴ്ചയില്ലാത്തവർക്കായി ഓഡിയോ പുസ്തകങ്ങൾ തയ്യാറാക്കുന്ന സർവകലാശാലാ ലൈബ്രറിക്കു കീഴിലെ ഐ.സി.ടിയിൽ അസി. രജിസ്ട്രാറായാണ് വിടവാങ്ങൽ.

കാഴ്ചകിട്ടാനായി ഏഴുവയസ്സിനിടെ ഏഴുശസ്ത്രക്രിയകൾക്ക് വിധേയമായിട്ടുണ്ട് രേണുക. ഒരു കണ്ണിന് നേരിയ കാഴ്ചയുമായി എം.എ. ഇക്കണോമിക്സ് പഠനം പൂർത്തിയാക്കി. റെറ്റിന തകരാർ കാരണം പിന്നീട് ഈ കണ്ണിന്റെ കാഴ്ചയും നഷ്ടമായി.

1990 മാർച്ച് 31-നാണ് അസിസ്റ്റന്റായി കാലിക്കറ്റ് സർവകലാശാലയിൽ സർവീസിൽ പ്രവേശിച്ചത്. ഭരണകാര്യാലയത്തിലെ റിസപ്ഷനിലായിരുന്നു ആദ്യം ജോലി. പിന്നീട് പരീക്ഷാഭവനിലെ അന്വേഷണകൗണ്ടറിലേക്ക് മാറി. ഫോണിലും നേരിട്ടും വിദ്യാർഥികളുടെ സംശയങ്ങൾക്ക് കൃത്യമായി മറുപടി നൽകിയത് ഇരുപത് വർഷത്തോളമാണ്.

ഇതിനിടെ സഹായിയെ വെച്ച് വകുപ്പുതല പരീക്ഷ എഴുതി ഉദ്യോഗത്തിൽ സ്ഥാനക്കയറ്റംനേടി. 2001-ൽ ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വലി ചാലഞ്ചഡ് കേന്ദ്രത്തിൽനിന്ന് കംപ്യൂട്ടർ പഠിച്ചു. കാലിക്കറ്റിലെ കംപ്യൂട്ടർ സയൻസ് വകുപ്പിൽ നിന്ന് തുടർപഠനം നടത്തി.

2010 മുതൽ സർവകലാശാലാ ലൈബ്രറിയിലെ ഐ.സി.ടി.യിൽ ജോലി ചെയ്യുകയാണ്. ഡിജിറ്റൽ ആക്സസിബിൾ ഇൻഫർമേഷൻ സിസ്റ്റം (ഡെയ്‌സി) എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് പുസ്തകങ്ങൾക്ക് ശബ്ദഭാഷ്യം നൽകുകയാണ് ഇവിടെ. രേണുകയുടെ നേതൃത്വത്തിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി 225-ഓളം പുസ്തകങ്ങൾ ഇതിനകം ഓഡിയോ രൂപത്തിലായിക്കഴിഞ്ഞു.

തൃശ്ശൂർ പഴുവിൽ ഇടക്കുനി വാര്യത്തെ കെ. ശങ്കര വാരിയരുടെയും റിട്ട. അധ്യാപികയായ ലീല വാരസ്യാരുടെയും മകളാണ്. സൗണ്ട് എഡിറ്റിങ് പഠനമാണ് രേണുകയുടെ അടുത്ത ആഗ്രഹം. കോഴിക്കോട്ടുള്ള സഹോദരിക്കൊപ്പമാകും ഇനി താമസം.