മലപ്പുറം: പൗരത്വ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പുകഴ്‌ത്തിയ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനയെച്ചൊല്ലി ലീഗ്-സമസ്ത പോര് മുറുകുന്നു.

എക്കാലവും ലീഗിന്റെ നിലപാടുകൾക്കൊപ്പം നിന്നിരുന്ന സമസ്ത പൗരത്വ വിഷയത്തിൽ സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നത്. മുതിർന്ന നേതാക്കളടക്കം പലപ്പോഴും ഇക്കാര്യം പരസ്യമായി പറഞ്ഞു. ഇതിൽ ലീഗ് നേതൃത്വത്തിലെ ഒരുവിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്.

മുൻനിര നേതാക്കൾ പരസ്യമായി രംഗത്തുവന്നിട്ടില്ലെങ്കിലും സമസ്തയുടെ നീക്കങ്ങളിൽ പലർക്കും മുറുമുറുപ്പുണ്ട്. ചില പ്രാദേശിക നേതാക്കൾ ഇത് തുറന്നടിക്കുകയും ചെയ്തു. ഇത് പതിറ്റാണ്ടുകളായി തുടരുന്ന ബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയെ പുകഴ്‌ത്തി ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്ത് വന്നതിനുപിന്നാലെ, സമസ്ത ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ ആലയിലല്ലെന്നും ഇടതുപക്ഷവുമായി നീക്കുപോക്കുകൾ ആകാമെന്നും മറ്റു നേതാക്കളും വ്യക്തമാക്കിയിരുന്നു. എന്നാൽ പൗരത്വപ്രശ്നം ചർച്ചചെയ്യാൻ സമസ്ത മുൻകൈയെടുത്ത് കോഴിക്കോട്ട് വിളിച്ച മുസ്‌ലിം സംഘടനകളുടെ യോഗം ലീഗ് ഇടപെട്ട് മുടക്കിയിരുന്നു.

ലീഗ് നേതൃത്വത്തെ മറികടന്ന് സമസ്ത നേതാക്കൾ തീരുമാനങ്ങളെടുക്കുന്നൂവെന്ന വിമർശനമാണ് ലീഗ് ഉന്നയിച്ചത്. എന്നാൽ തുടർന്ന് മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണറാലിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സമരനേതാവാക്കി പ്രഖ്യാപിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ ലീഗിന് മറുപടി നൽകുകയായിരുന്നു. ‘ഭയന്ന് നിൽക്കുന്ന ജനങ്ങൾക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടതെന്നും അത് പിണറായി വിജയനുണ്ടെന്നു’മായിരുന്നു ജിഫ്രി തങ്ങളുെട പ്രതികരണം.

ഇതിനെതിരേ മുൻപെങ്ങുമില്ലാത്ത വിധം സമസ്ത പ്രസിഡന്റിനെ പൊതുവേദിയിൽ വിമർശിച്ച് കഴിഞ്ഞദിവസം മുസ്‌ലിംലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് ജബ്ബാർ ഹാജി രംഗത്തുവന്നു. ‘പിണറായിയെ അവതാരപുരുഷനായി മഹത്വവത്കരിക്കുന്നവർ പിന്നീട് സമുദായത്തിന്റെ അന്തകനാണ് പിണറായിയെന്ന് മാറ്റിപ്പറയേണ്ടിവരുമെന്ന് അദ്ദേഹം തിരിച്ചടിച്ചു.

ഒരുകാലത്തും കമ്മ്യൂണിസം സമുദായത്തിന് രക്ഷകരായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സമസ്തയെ ഓർമിപ്പിച്ചു. യൂത്ത്‌ലീഗിന്റെ കോഴിക്കോട്ടെ ഷഹീൻബാഗ് സ്ക്വയറിലായിരുന്നു ജബ്ബാർ ഹാജിയുടെ പ്രതികരണം.

ലീഗ് നേതാവ് സമസ്ത പ്രസിഡന്റിനെ പൊതുവേദിയിൽ വിമർശിച്ച് രംഗത്തുവന്നതോടെ സമസ്ത-ലീഗ് പോര് മറനീക്കി പുറത്തുവന്നിരിക്കയാണ്. സമസ്തയ്ക്ക് ആരുമായും അകൽച്ചയില്ലെന്നും മുന്നണി നോക്കാതെ പൗരത്വ സമരത്തിൽ ഇനിയും പങ്കെടുക്കുമെന്നും സമസ്ത വൈസ് പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ നദ്‌വി വ്യക്തമാക്കി.

ഫാസിസ്റ്റ് നിയമത്തിനെതിരേ ശബ്ദിച്ചവരെ അഭിനന്ദിച്ചാൽ അത് എങ്ങനെ തെറ്റാകുമെന്നും പലരുടേയും വെപ്രാളം കാണുമ്പോൾ പോരാട്ടം വോട്ടുരാഷ്ട്രീയമാണെന്ന് സംശയിച്ചുപോകുമെന്നും എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ബശീർ ഫൈസി ദേശമംഗലവും പ്രതികരിച്ചു.

പൗരത്വ വിഷയത്തിൽ പ്രസംഗിക്കാൻ പി. ജയരാജന് അവസരം നൽകിയതിന് സമസ്തയ്ക്ക് കീഴിലുള്ള കാളികാവിലെ വാഫി കോളേജ് പ്രിൻസിപ്പൽ ഡോ. ലുഖ്മാൻ വാഫിക്കും ഡയറക്ടർ ഇബ്രാഹീം ഫൈസിക്കും പുറത്തുപോകേണ്ടിവന്നു. സമസ്ത സ്വതന്ത്ര നിലപാട് തുടർന്നാൽ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടുനഷ്ടമുണ്ടാകുമെന്ന ഭീതി മുസ്‌ലിംലീഗിനുണ്ട്.