കൊണ്ടോട്ടി: ചുമട്ടുതൊഴിലാളിയിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി അസി. ലേബർ ഓഫീസറെ വിജിലൻസ് പിടികൂടി. അസി. ലേബർ ഓഫീസർ മഞ്ചേരി സ്വദേശി കെ. കൃഷ്ണനെയാണ് വിജിലൻസ്‌സംഘം കൈയോടെ പിടികൂടിയത്.

സി.ഐ.ടി.യു. ഹെഡ്‌ലോഡ് വർക്കേഴ്‌സ് അരീക്കോട് ഐ.ടി.ഐ. യൂണിറ്റ് ട്രഷറർ അബ്ദുൾ വാഹിദിൽനിന്നാണ് കൃഷ്ണൻ കൈക്കൂലി വാങ്ങിയത്. അബ്ദുൾവാഹിദും മറ്റു 14 പേരും തൊഴിൽ കാർഡ് ലഭിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ അപേക്ഷ നൽകിയിരുന്നു. 15 പേർക്ക് കാർഡ് അനുവദിക്കാൻ 15,000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് 5,000 രൂപ തൊഴിലാളികൾ പിരിവെടുത്ത് നൽകിയപ്പോൾ അഞ്ചുപേർക്ക് കാർഡ് അനുവദിച്ചു.

പിന്നീട് പലതവണ ബന്ധപ്പെട്ടപ്പോൾ നാലുപേർക്ക് കൂടി കാർഡ്നൽകി. ആറുപേരുടെ കാർഡുകൾക്കായി സമീപിച്ചപ്പോൾ ബുധനാഴ്ച രണ്ടു മണിക്ക് 10,000 രൂപ കൊണ്ടുവന്നാൽ കാർഡുകൾ ശരിയാക്കിത്തരാമെന്ന് അബ്ദുൾവാഹിദിനോട് അസി. ലേബർഓഫീസർ പറഞ്ഞു. തുടർന്നാണ് അബ്ദുൾ വാഹിദ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി. എ. രാമചന്ദ്രനെ സമീപിച്ച് പരാതിനൽകിയത്.

വിജിലൻസ്‌സംഘം നൽകിയ ഫിനോഫ്തലീൻ പൊടി പുരട്ടിയ കറൻസി കൊണ്ടോട്ടിയിലെ ഓഫീസിലെത്തി അബ്ദുൾവാഹിദ് ബുധനാഴ്ച ഒരു മണിയോടെ കൃഷ്ണന് കൈമാറി. പിന്നാലെ വിജിലൻസ് സംഘം ഓഫീസിലെത്തി പണം കണ്ടെടുക്കുകയും നടപടികൾ പൂർത്തിയാക്കി മൂന്നുമണിയോടെ അറസ്റ്റ് ചെയ്യുകയുംചെയ്തു.

കൃഷ്ണനെ കോഴിക്കോട് എൻക്വയറി കമ്മിഷണർ ആൻഡ് സ്‌പെഷ്യൽ ജഡ്ജ് (വിജിലൻസ്) കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ പറഞ്ഞു.