പൊന്നാനി: ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ ആരംഭിക്കാനിരിക്കെ ദിവസങ്ങൾക്ക് മുമ്പുതന്നെ ജില്ലയിലെ ഭൂരിഭാഗം ബോട്ടുകളും കരയ്ക്കണഞ്ഞു. ചെറിയ പെരുന്നാൾ പ്രമാണിച്ച് തിങ്കളാഴ്ച കരയ്ക്കണഞ്ഞ ബോട്ടുകളിൽ മിക്കതും തീരത്തുതന്നെ നങ്കൂരമിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച ബോട്ടുകൾക്ക് അവധിയായതിനാലാണ് തുടർന്നുള്ള ഒരു ദിവസത്തേക്ക് മാത്രമായി ബോട്ടുകൾ കടലിലിറക്കേണ്ടെന്ന് ബോട്ടുടമകൾ തീരുമാനിച്ചത്.

ബോട്ടുകളിലെ തൊഴിലാളികളിൽ വലിയൊരളവ് ഇതരസംസ്ഥാന തൊഴിലാളികളായതിനാൽ ഇവരെല്ലാം പെരുന്നാളാഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങിയതും ട്രോളിങ്ങിന് മുമ്പ് മത്സ്യബന്ധന മേഖല നിശ്ചലമാകാനിടയാക്കി. എങ്കിലും ചില ബോട്ടുകൾ വെള്ളിയാഴ്ച രാത്രിയിൽ മീൻപിടിത്തത്തിനായി പുറപ്പെട്ടിട്ടുണ്ട്. ഇവ പൂർണമായും ഞായറാഴ്ച രാത്രിയോടെ കരയ്ക്കണയും.

മുൻവർഷങ്ങളിൽ 47 ദിവസമാണ് ട്രോളിങ് കാലയളവെങ്കിൽ കഴിഞ്ഞവർഷം മുതൽ കേന്ദ്രത്തിന്റെ നിർദേശപ്രകാരം 53 ദിവസമാണ്. ട്രോളിങ് നിരോധന കാലയളവിൽ സംസ്ഥാന അതിർത്തിയായ 12 നോട്ടിക്കൽ മൈൽവരെ പരമ്പരാഗത വള്ളക്കാർക്ക് മീൻപിടിത്തം അനുവദിക്കും. ഇവർ എത്തിക്കുന്ന മീനാകും ഇനിയുള്ള നാളുകളിൽ ലഭിക്കുക.

ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുൻപ് തന്നെ ഇതരസംസ്ഥാന ബോട്ടുകൾ തീരംവിട്ടുപോയെന്ന് ഉറപ്പാക്കായിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻപിടിത്തം നടത്തുന്നതിന് തടസ്സമുണ്ടാവില്ല. മത്സ്യത്തൊഴിലാളികൾക്ക് ഇടയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ 80 യുവാക്കൾ കടൽ സുരക്ഷാസേനാംഗങ്ങളായി ട്രോളിങ് നിരോധനസമയത്ത് പ്രവർത്തിക്കും.