പെരിന്തൽമണ്ണ: 485 കോടിയുടെ ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് പുലാമന്തോൾ സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ ദെഹ്‌റാദൂൺ പോലീസ് വീണ്ടും കേരളത്തിലേക്ക്. കേസിൽ മുഹമ്മദ് അർഷദ്, ശിഹാബ്, മുനീബ് എന്നീ പ്രതികളെ ഇക്കഴിഞ്ഞദിവസം പിടികൂടിയിരുന്നു. മുഴുവൻ പ്രതികളും പിടിയിലായതോടെ ഇടപാടുകളുടെ ദുരൂഹതകൾ നീക്കുന്നതിന്റെ ഭാഗമായാണ് പോലീസ് എത്തുന്നത്. കേസിൽ മലയാളികളായ പത്തു പ്രതികളെയാണ് പോലീസ് പിടികൂടിയത്.

ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് പുലാമന്തോൾ വടക്കൻപാലൂർ സ്വദേശി അബ്ദുൾ ഷുക്കൂർ(24) ദെഹ്‌റാദൂണിൽ കൊല്ലപ്പെട്ടത്. ഷുക്കൂർ സി.ഇ.ഒ. ആയിരുന്ന ബി.ടി.സി. ബിറ്റ്‌കോയിൻ, ബിറ്റ്‌സെക്സ് എന്നീ കമ്പനികളുടെ ആസ്തിയും ഇടപാടുകളും സംബന്ധിച്ച് മുഖ്യപ്രതി മഞ്ചേരി സ്വദേശി ആഷിഖിന് വിവരങ്ങൾ അറിയാമായിരുന്നു. ബിറ്റ്‌കോയിന്റെ മൂല്യമിടിയുകയും കൈമാറ്റങ്ങൾ മരവിപ്പിക്കുകയും ചെയ്യപ്പെട്ടശേഷം വലിയതുക ഷുക്കൂറിന്റെ അക്കൗണ്ടിലേക്ക് വന്നതായി സൂചനയുണ്ടായിരുന്നു.

ഓഗസ്റ്റ് 28-ന് ഷുക്കൂർ കൂട്ടാളികളുടെ മർദനത്തിൽ കൊല്ലപ്പെടുന്നതിന് മുൻപായി ദെഹ്‌റാദൂണിൽവെച്ച് ഈ പണം പ്രതികൾ കൈവശപ്പെടുത്തിയതായും വിവരമുണ്ട്. മലബാർകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില ബിസിനസുകാരുടെ അനധികൃത പണമിടപാടുകളുടെ ഇടനിലക്കാരായി ഇവർ പ്രവർത്തിച്ചിരുന്നതായും പറയപ്പെടുന്നു.

മുഹമ്മദ് അർഷദ്, ശിഹാബ്, മുനീബ് എന്നിവരെ അഭിഭാഷകർ മുഖേന കോടതിയിൽ കീഴടങ്ങാനുള്ള തയാറെടുപ്പിനിടെ അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് ദെഹ്‌റാദൂൺ സീനിയർ പോലീസ് സൂപ്രണ്ട് അരുൺ മോഹൻ ജോഷി പറഞ്ഞു.