
എടപ്പാൾ: വാഹനത്തിൽ കടത്തുകയായിരുന്ന 30 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്‌പന്നങ്ങൾ പൊന്നാനി എക്സൈസ് സർക്കിൾസംഘം പിടികൂടി. പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ സന്ദേശത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ എടപ്പാൾ കുറ്റിപ്പുറം റോഡിൽവെച്ചാണ് ഇവ പിടികൂടിയത്.
വെളിയങ്കോട് സ്വദേശിയായ മുഹമ്മദ് ബഷീർ എന്നയാളുടെ പേരിലുള്ള കുട്ടിലോറിയിലാണ് സാധനങ്ങളെത്തിച്ചിരുന്നത്. കുറച്ചുകാലമായി ഈ വാഹനം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.
ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ തമിഴ്‌നാട്ടിൽനിന്ന് സാധനവുമായി വണ്ടി എടപ്പാളിലെത്തുന്ന വിവരം ലഭിച്ച എക്സൈസ് സംഘം ഇവരെ പിൻതുടർന്ന് വരികയായിരുന്നു. കുറ്റിപ്പുറംറോഡിലെ ആളൊഴിഞ്ഞ മൈതാനിയിൽ വാഹനംനിർത്തി പൊന്നാനി താലൂക്കിലെ വിവിധ മേഖലകളിലുള്ളവർക്ക് സാധനം വിതരണംചെയ്യാനുള്ള ഒരുക്കത്തിനിടയിലാണ് എക്സൈസ് സംഘം ഇവരെ വളഞ്ഞത്.
ഉദ്യോഗസ്ഥരെത്തിയതും സംഘാംഗങ്ങളെല്ലാം ഇരുളിൽ ഓടിമറഞ്ഞു. വാഹനത്തിൽ അഞ്ചുകിലോയുടെ 80 പായ്ക്കറ്റ് ശർക്കര ചുറ്റുംവെച്ച് അതിനുള്ളിലായിരുന്നു പുകയില ഉത്‌പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. പരിശോധനയിൽ 52 ചാക്കുകളിലായി 78,000-ത്തോളം പായ്ക്കറ്റ് ഹാൻസാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഇവയ്ക്ക് 30 ലക്ഷത്തോളം രൂപ മാർക്കറ്റ് വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സർക്കിൾ ഇൻസ്പെക്ടർ എം.എഫ്. സുരേഷ്, ഇൻസ്പെക്ടർ എ.ടി. ജോബി, പ്രിവന്റീവ് ഓഫീസർമാരായ എസ്.ജി. സുനിൽ, രവീന്ദ്രനാഥ്, സി.ഇ.ഒമാരായ പി.പി. പ്രമോദ്, എം.സി. വിനേഷ്, ബി. സനൽകുമാർ, കെ. അനൂപ്, എ.കെ. രഞ്ജിത്, കെ. ഗണേശൻ എന്നിവരാണ് ദിവസങ്ങളായി രാവുംപകലുമില്ലാതെ നടത്തിയ പ്രയത്‌നത്തിനൊടുവിൽ വലിയ ലഹരിവേട്ട നടത്തിയത്.
പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും രണ്ടുദിവസത്തിനകം പിടികൂടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വണ്ടി തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Content Highlights; banned tobacco products seized