തിരൂർ: പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന തിരൂർ സിറ്റി ജങ്ഷൻ - ജില്ലാ ആശുപത്രി റോഡ് നന്നാക്കാൻ ഓട്ടോഡ്രൈവർമാരുടെ ഒരു രൂപ സമരം.

ഒരു മണിക്കൂർ ഓട്ടംനിർത്തി ബക്കറ്റുമായി എത്തിയാണ് നാട്ടുകാരിൽനിന്നും സർക്കാർ ഓഫീസുകളിൽനിന്നും ഒരു രൂപ വീതം ശേഖരിച്ചത്. നഗരസഭയുടെയും ജല അതോറിറ്റിയുടെയും ഓഫീസിലുമെല്ലാം ഡ്രൈവർമാർ പിരിവിനെത്തി. ജല അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡ് മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്തി റീടാർ ചെയ്തിട്ടില്ല.

ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിനെയും അവർ തിരിച്ചും പഴിചാരി നിൽക്കുകയാണ്. ജില്ലാ ആശുപത്രിയിലേക്കുള്ള രോഗികളും സ്കൂളിലേക്ക് വിദ്യാർഥികളും മിനി സിവിൽ സ്റ്റേഷനിലേക്കും നഗരസഭാ ഓഫീസിലേക്കും വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന നൂറു കണക്കിനാളുകളും ദുരിതത്തിലാണ്.

പിരിഞ്ഞുകിട്ടിയ പണം റോഡിലെ കുഴിയടയ്ക്കാനാണ് ഓട്ടോഡ്രൈവർമാർ ചെലവഴിക്കുന്നത്. സമരത്തിന് ഓട്ടോ ഡ്രൈവർമാരായ അലിഭായ്, യാസർ അറഫാത്ത്, ശിവദാസൻ, ഷിനീഷ്, ഇസ്മായിൽ, ഇബ്രാഹിം, കുട്ടൻ എന്നിവർ നേതൃത്വംനൽകി.

പിരിവെടുത്തത് തിരൂർ സിറ്റി ജങ്ഷൻ- ജില്ലാ ആശുപത്രി റോഡ് നന്നാക്കാൻ

പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാതെ പരസ്പരം പഴിചാരുന്നു വകുപ്പുകൾ