നിലമ്പൂർ : സർക്കാർ നടപ്പാക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയിലേക്ക് പി.വി. അൻവർ എം.എൽ.എയുടെ കൈത്താങ്ങ്. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ പൊതുവിദ്യാലയങ്ങൾക്ക് എം.എൽ.എയുടെ വക 100 ടെലിവിഷനുകൾ നൽകി.

ഓൺലൈൻ വിദ്യാഭ്യാസത്തിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ പ്രഥമാധ്യാപകരും പങ്കെടുത്ത യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് ടി.വികൾ കൈമാറിയത്. നിലമ്പൂർ എം.എൽ.എ. പി.വി. അൻവറാണ് തന്റെ രക്ഷിതാക്കളായ പി.വി. ഷൗക്കത്തലി, മറിയുമ്മ എന്നിവരുടെ പേരിലുള്ള ട്രസ്റ്റിന്റെ ഫണ്ട് ഉപയോഗിച്ച് ടെലിവിഷനുകൾ വാങ്ങി നൽകുന്നത്. കൂടുതൽ പേരുടെ സഹായത്തോടെ 1000 ടെലിവിഷനുകൾ നൽകാൻ ആഗ്രഹിക്കുന്നതായി എം.എൽ.എ. പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ റീസൈക്ലിങ് പദ്ധതിയുമായി സഹകരിച്ചാണ് ടി.വികൾ നൽകുന്നത്.