നിലമ്പൂർ: പ്രളയത്തെനേരിടാൻ ചാലിയാറിൽ ദുരന്തനിവാരണസേന രൂപവത്കരിച്ചു. 20 അംഗങ്ങളാണുള്ളത്. കഴിഞ്ഞ രണ്ടുവർഷം തുടർച്ചയായി പ്രളയംനേരിട്ട പഞ്ചായത്ത് എന്ന നിലയിലാണ് ദുരന്തനിവാരണ സേനയ്ക്ക് രൂപംനൽകിയത്. ചാലിയാർ ഗ്രാമപ്പഞ്ചായത്ത് ഹാളിൽനടന്ന ദുരന്തനിവാരണ സേന വർക്കിങ് ഗ്രൂപ്പ് യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഉസ്മാൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം അച്ചാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.
ഓരോ വാർഡിലും 20 അംഗ ദുരന്തനിവാരണ സേന രൂപവത്കരിക്കും. പഞ്ചായത്ത്‌തല സേനയിൽ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, ആശാ വർക്കർമാർ, ക്ലബ് അംഗങ്ങൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹിക-സന്നദ്ധ പ്രവർത്തകർ എന്നിവർ അംഗങ്ങളാണ്. ദുരന്തമുണ്ടായാൽ മുന്നറിയിപ്പ് നൽകൽ, രക്ഷാപ്രവർത്തനം, പുനരധിവാസ സ്ഥലത്ത് എത്തിക്കാൻ, ആരോഗ്യ ശുചീകരണം എന്നിങ്ങനെ സേനയെ നാലായി തരം തിരിച്ചിട്ടുണ്ട്. കുറുവൻ പുഴയിൽനിന്ന് പ്രളയസമയത്ത് ആറു പേരെ രക്ഷപ്പെടുത്തിയ അജി പാലാത്ത്, കമാൽ കളത്തിങ്ങൽ, ബിനിഷ് എന്നിവരെ ആദരിച്ചു.
ചാലിയാർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ കെ. അരുൺകുമാർ, കില ഫാക്കൽറ്റി ചന്ദ്രൻ എന്നിവർ ക്ലാസെടുത്തു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ തോണിക്കടവൻ ഷൗക്കത്ത്, ബിന്ദു തൊട്ടിയൻ, ബിന്ദു സുരേഷ്, റീനാ രാഘവൻ, ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.