നിലമ്പൂർ: ഈവർഷത്തെ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവെൽ സമാപിച്ചു. സമാപനസമ്മേളനം അഡ്വ. എം. ഉമ്മർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പാട്ടുത്സവത്തിന്റെ സംഘാടകമികവാണ് പൂന്താനം സാഹിത്യോത്സവം പുനരാരംഭിക്കാൻ പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അധ്യക്ഷതവഹിച്ചു. യു. നരേന്ദ്രൻ, പി.വി. സനിൽകുമാർ, വിനോദ് പി. മേനോൻ, അനിൽ റോസ്, വിൻസെന്റ് എ. ഗോൺസാഗ, ഇഖ്ബാൽ ഇലക്‌ട്ര, കെ. ഷബീറലി, ഷൗക്കത്ത് കോയാസ്, ഷാജി കെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
കവളപ്പാറ മൂപ്പൻ ചാത്തൻ, ബാബു വർഗീസ്, ഗായകൻ വിശാൽ നിലമ്പൂർ, എം. ഗോപകുമാർ, ഉടലാഴം സിനിമയുടെ നിർമാതാക്കളിലൊരാളായ ഡോ. കെ.ടി. മനോജ് തുടങ്ങിയവരെ അനുമോദിച്ചു. വിശാൽ നിലമ്പൂർ, ഭിന്നശേഷി വിദ്യാർഥിയായ റിയാസ് എന്നിവരുടെ പാട്ടുകളുമുണ്ടായിരുന്നു.
കഴിഞ്ഞ 14 വർഷമായി പാട്ടുത്സവ് ടൂറിസം ഫെസ്റ്റ് നിലമ്പൂരിന്റെ ജനകീയ ഉത്സവമായാണ് നടത്തിയിരുന്നത്. ജനുവരി ഒന്നുമുതൽ അഞ്ചുവരെയുള്ള ദിവസങ്ങളിൽ നിലമ്പൂർ ബാലൻ നാടകോത്സവവും തുടർന്ന് വേട്ടെയ്ക്കൊരുമകൻ കാവിലെ പ്രധാന പാട്ട് കഴിഞ്ഞ് മെഗാ സ്റ്റേജ്ഷോകളുമാണ് ഉണ്ടാകാറ്. കവളപ്പാറ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ മെഗാ ഷോകൾ വേണ്ടെന്നുവെക്കുകയായിരുന്നു. കഴിഞ്ഞ ഒൻപതിനാണ് നിലമ്പൂർ ബാലൻ നാടകോത്സവം തുടങ്ങിയത്.