എടപ്പാൾ: കോഴിക്കോട്ടുനിന്ന് മോഷ്ടിച്ച 30 ചാക്ക് കൊട്ടടയ്ക്കയുമായി യുവാവ് എടപ്പാളിൽ പിടിയിലായി. കോഴിക്കോട് നെല്ലിക്കോട് സ്വദേശി പറയരക്കണ്ടിവീട്ടിൽ അനീഷിനെ(35)യാണ് ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ ചിറക്കൽ, എസ്.ഐ എം. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോഴിക്കോട് മെഡിക്കൽകോളേജിനടുത്തുള്ള വീട്ടിൽ സൂക്ഷിച്ചിരുന്ന അടയ്ക്ക വാടകയ്ക്കുവിളിച്ച പെട്ടിഓട്ടോയിൽ കയറ്റി ചങ്ങരംകുളത്തുള്ള അടയ്ക്കാമാർക്കറ്റിൽ വിൽക്കാനായി കൊണ്ടുവരവേയാണ് പോലീസിന്റെ പിടിയിലായത്.
500 കിലോയോളം അടയ്ക്കക്ക് ഒന്നേകാൽ ലക്ഷത്തോളം രൂപ വിലവരും. നേരത്തേ തേഞ്ഞിപ്പലം, പന്തീരാങ്കാവ്, നടക്കാവ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ മോഷണക്കേസുകളുണ്ട്. പാചകവാതക സിലിൻഡറുമായി നിർത്തിയിട്ട ലോറി മോഷ്ടിച്ചു കൊണ്ടുപോയി സിലിൻഡറുകൾ വിറ്റതിനും റബ്ബർഷീറ്റ് മോഷ്ടിച്ചതിനുമുള്ള കേസുകളാണിവ. ആറുമാസത്തെ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയത് അടുത്തനാളിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.