മേലാറ്റൂർ: ഓട്ടൻതുള്ളലിൽ ഒന്നാമതായി സഹോദരങ്ങൾ. തച്ചിങ്ങനാടം ഹയർസെക്കൻഡറി സ്കൂളിലെ സിദ്ധന്ത്രയും തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്കൂളിലെ വരഹാലുമാണ് ഇരട്ടിമധുരവുമായി കലോത്സവവേദിയിൽ തിളങ്ങിയത്. യു.പി. വിഭാഗം ഓട്ടൻതുള്ളലിലാണ് വരഹാലു ഒന്നാംസ്ഥാനം നേടിയത്. കഴിഞ്ഞതവണ ജില്ലയിൽ രണ്ടാംസ്ഥാനമായിരുന്നു. കൃഷ്ണ യു.പി. സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ്.
ഹരിശ്രീ അശോകൻ നായകനായ സംവിധായകൻ ജയരാജിന്റെ പുതിയ ചിത്രം ’ഹാസ്യ’ത്തിന്റെ കോട്ടയത്തെ ലൊക്കേഷനിൽ നിന്നാണ് രാവിലെ വരാഹാലു എത്തിയത്. ഹരിശ്രീ അശോകന്റെ മകളായാണ് സിനിമയിൽ അഭിനയിക്കുന്നത്.
ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളലിലാണ് സിദ്ധന്ത്ര ഒന്നാമനായത്. കഴിഞ്ഞവർഷം ഓട്ടൻതുള്ളലിൽ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡും സ്വന്തമാക്കിയിരുന്നു. 2017-ൽ കുച്ചിപ്പുഡിയിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനവും കഴിഞ്ഞവർഷം മുന്നാംസ്ഥാനവും നേടിയിരുന്നു. തച്ചിങ്ങനാടം ഹയർസെക്കൻഡറി സ്കൂളിൽ പത്താംക്ലാസിലാണ് പഠിക്കുന്നത്. കലാരംഗത്ത് നിറസാന്നിധ്യമായവരാണ് അച്ഛൻ പാണ്ടിക്കാട് കുറ്റിപിലാക്കൽ അനിൽ വെട്ടിക്കാട്ടിരിയും അമ്മ പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന പ്രേമലതയും. ഇവർ തന്നെയാണ് ഇരുവരുടെയും പരിശീലകർ.