നിലമ്പൂർ: മറ്റൊരു കവളപ്പാറ ആവർത്തിക്കുമോ എന്ന ആധിയിലാണ് പോത്തുകല്ല് പഞ്ചായത്തിലെ മലാംകുണ്ട് കോളനിയിലെ ആദിവാസികൾ. അതിനുമുൻപ് തങ്ങളെ മാറ്റിപ്പാർപ്പിക്കണമേ എന്ന് അധികൃതരോട് അപേക്ഷിക്കുകയാണിവർ. ഒൻപത് വീടുകളിലായി 12 കുടുംബങ്ങളാണ് മലമുകളിലുള്ള മലാംകുണ്ട് കോളനിയിൽ താമസിക്കുന്നത്. ഉരുൾപൊട്ടലിൽ തകർന്ന പാതാർ അങ്ങാടിയിൽനിന്ന് അഞ്ചുകിലോമീറ്ററോളം അകലെ ചെങ്കുത്തായ മല കയറിവേണം മലാംകുണ്ട് കോളനിയിലെത്താൻ.

2011-12 വർഷം നിർമിച്ച വീടുകളൊന്നും വാസയോഗ്യമല്ല. മുതുവാൻ, കാട്ടുനായ്‌ക്ക വിഭാഗത്തിലുള്ളവരാണ് കോളനിയിലുള്ളത്.

വർഷങ്ങൾക്ക് മുൻപുതന്നെ ഇൗ ആവശ്യം ഐ.ടി.ഡി.പിയിലടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായില്ലെന്ന് കോളനിയിലെ ചെറിയ രാജൻ പറഞ്ഞു. പകൽപോലും കാട്ടാനകൾ സ്വൈരവിഹാരം നടത്തുന്ന കോളനിയിൽ ഇത്തരം വീടുകളിൽ താമസിക്കാനുള്ള ഭീതിയിൽ ആദിവാസികൾ ചെങ്കുത്തായ പാറയുടെ ചെരിവിൽ പ്ലാസ്റ്റിക് വലിച്ചുകെട്ടി താത്കാലിക ഷെഡുണ്ടാക്കിയിരിക്കുകയാണ്.

കയറിൽ പിടിച്ചുവേണം പാറയിലേക്കെത്താൻ. കോളനിയിലേക്കുള്ള വഴി ഉരുൾപൊട്ടലിൽ തകർന്നിരിക്കുകയാണ്. മഴക്കാലം തുടങ്ങിയതോടെ വനവിഭവങ്ങൾ ശേഖരിക്കാനില്ലാതായി. നാട്ടിൽ ജോലിയുമില്ല. കോളനി വിട്ട് സുരക്ഷിതസ്ഥലങ്ങളിൽ മാറിത്താമസിക്കാൻ കോളനിയിലെ മുഴുവൻ അംഗങ്ങളും തയ്യാറാണ്.