നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ അകമ്പാടം ടൗണിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽനിന്ന് മാലിന്യങ്ങൾ പുറത്തേക്കൊഴുക്കുന്നതായി പരാതി. നിരവധിതവണ പരാതിപ്പെട്ടിട്ടും സംഭവത്തിൽ പഞ്ചായത്തും ആരോഗ്യവകുപ്പും നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം.
ക്ലീൻ ചാലിയാർ പദ്ധതി നല്ലനിലയിൽ നടപ്പിലാക്കിവരുന്ന ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ടൗണിലെ കെട്ടിടത്തിൽനിന്നാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളുമുൾപ്പെടെ കെട്ടിടത്തോടുചേർന്നുള്ള തോട്ടിൽ തള്ളുന്നത്. മഴപെയ്യുമ്പോൾ വലിയതോട് വഴി ഈ മാലിന്യം കുറുവൻ പുഴയിലേക്ക് എത്തിച്ചേരും. ദുർഗന്ധംമൂലം പ്രദേശവാസികൾ വീടുകളിൽ മൂക്കുപൊത്തി ഇരിക്കേണ്ട അവസ്ഥയിലാണ്. മഴശക്തമാവുന്നതോടെ പകർച്ചവ്യാധികൾ പടരുമോ എന്ന ആശങ്കയിലുമാണ് ജനങ്ങൾ.
ബാങ്ക് അടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഒരു അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്താതെ കെട്ടിട ഉടമ നിരവധി ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നത്.