തിരൂർ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുംവേണ്ടി പ്രവർത്തിച്ചതിനുള്ള വരം പുരസ്കാരത്തിന് മുൻമന്ത്രി കെ. കുട്ടി അഹമ്മദ്കുട്ടി അർഹനായി. അഞ്ചുപതിറ്റാണ്ട് കാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മാതൃകാപരമായ സേവനങ്ങൾ നടത്തിയതിനാണ് കുട്ടി അഹമ്മദ് കുട്ടിക്ക് പുരസ്കാരം സമ്മാനിക്കുന്നത്.

നിയമസഭയ്ക്കകത്തും പുറത്തും ഭിന്നശേഷിക്കാർക്കു വേണ്ടി അദ്ദേഹം നടത്തിയ സേവനങ്ങൾ ശ്ലാഘനീയമാണ്. തിരൂർ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചുള്ള വരം കൂട്ടായ്മയാണ് പുരസ്കാരം സമ്മാനിക്കുന്നത്.

ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ്, മുൻ ജില്ലാ പോലീസ് മേധാവി പി. രാജു, വികലാംഗ ക്ഷേമ കോർപ്പറേഷൻ മുൻ മാനേജിങ്‌ ഡയറക്ടർ ഡോ. കെ.എൻ. റോഷൻ ബിജിലി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ഈ മാസം ഒമ്പതിന് തിരൂർ എസ്.എസ്.എം. പോളിടെക്‌നിക്കിൽവെച്ച് നടക്കുന്ന ഭിന്നശേഷിക്കാരുടെ സംസ്ഥാന കൂട്ടായ്മയായ വരം പരിപാടിയിൽ അവാർഡ് സമ്മാനിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് കുട്ടി അഹമ്മദ് കുട്ടിക്ക്‌ പുരസ്കാരം സമ്മാനിക്കുകയെന്ന് വരം കൺവീനർ ഡോ. പി. ജാവേദ് അനീസ്, ജോയിന്റ് കൺവീനർ മുജീബ് താനാളൂർ എന്നിവർ അറിയിച്ചു.