അരീക്കോട് : വിദ്യാലയങ്ങളും ഹോസ്റ്റലുകളും മുതൽ കല്യാണമണ്ഡപങ്ങൾവരെ സർക്കാർ നിർദേശപ്രകാരമുള്ള പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രങ്ങളായി മാറുന്നു.

അരീക്കോട്, ഊർങ്ങാട്ടിരി, കീഴുപറമ്പ്, കാവനൂർ പഞ്ചായത്തധികൃതർ യുദ്ധകാലാടിസ്ഥാനത്തിലാണ് ചികിത്സാകേന്ദ്രങ്ങളൊരുക്കുന്നത്. ഊർങ്ങാട്ടിരിയിൽ തെരട്ടമ്മൽ മജ്മഅ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രമാക്കുന്നതിന് സ്കൂൾ അധികൃതർ വിട്ടുകൊടുത്തു.

താക്കോൽ മാനേജർ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ, സെക്രട്ടറി കെ.ടി. അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.കെ. ഷൗക്കത്തലിക്ക് കൈമാറി. പഞ്ചായത്ത് സെക്രട്ടറി ജോസഫ് അലോഷ്യസ്, നോഡൽ ഓഫീസർ പി. രാജു എന്നിവരും പങ്കെടുത്തു.

കീഴുപറമ്പിൽ പത്തനാപുരം ഹിൽ ഫോർട്ട് കല്യാണമണ്ഡപം പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയതായി പഞ്ചായത്തധികൃതർ പറഞ്ഞു.

ഇവിടെ അറുപതുപേരെ കിടത്തിച്ചികിത്സിക്കുന്നതിന് സൗകര്യമുണ്ടാകും. അരീക്കോട് പഞ്ചായത്തിൽ ഗവ.ഐ.ടി.ഐ.യുടെ ആൺകുട്ടികൾക്കുള്ള ഹോസ്റ്റലിലാണ് ചികിത്സാസൗകര്യമൊരുക്കുന്നത്. ഇവിടെ ആദ്യഘട്ടത്തിൽ 50 ബെഡ്ഡുകൾ ഒരുക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. കാവനൂരിൽ കാവനൂർ മജ്മഅ കോംപ്ലക്സിൽ 50-ൽപ്പരം ബെഡ്ഡുകളോടെ ചികിത്സാസൗകര്യമൊരുക്കുന്നതായി പഞ്ചായത്തധികൃതർ പറഞ്ഞു. ഇതിനിടെ അരീക്കോടിന് സമീപപ്രദേശങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വാഹനങ്ങളിൽ മുന്നറിയിപ്പ് നൽകിയും കടകൾ തുറക്കുന്നതിനും സഞ്ചാരത്തിനുമടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും പഞ്ചായത്തധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്.

കീഴുപറമ്പിൽ റിപ്പോർട്ടുചെയ്ത രണ്ട് കേസുകളും സമ്പർക്കത്തിലൂടെയാണെന്നത് വീണ്ടും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞദിവസം കോവിഡ് റിപ്പോർട്ട് ചെയ്ത പത്തനാപുരം സ്വദേശിയുടെ രോഗ ഉറവിടം വ്യക്തമല്ല. രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിലടക്കം വിവിധ സ്ഥലങ്ങളിൽ ഇദ്ദേഹം സന്ദർശനം നടത്തിയിരുന്നു. ഇദ്ദേഹവുമായി നേരിട്ട് ബന്ധം പുലർത്തിയ പത്തുപേരെ സ്രവപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. രണ്ടാംഘട്ട സമ്പർക്കത്തിൽപ്പെട്ട നാൽപ്പതുപേർ നിരീക്ഷണത്തിലുമുണ്ടെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. പഞ്ചായത്ത് പരിധിയിൽ കടകൾ തുറക്കുന്നതിനടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.