അരീക്കോട് : വീടുകളുടെ സംരക്ഷണത്തിന് കോൺക്രീറ്റ് ഭിത്തി കെട്ടുന്നതിനിടയിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളിക്ക് പരിക്ക്. എടവണ്ണപ്പാറ ഇരട്ടമൂഴി സ്വദേശി നാരായണനാണ്‌ (46) പരിക്കേറ്റത്. പുത്തലം മുട്ടുങ്ങൽ മാന്തിരിച്ചോലയിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

കാഞ്ഞിരപ്പാറ നാസറിന്റെ വീടിനോടുചേർന്ന് ഉയരത്തിലുള്ള മൺഭിത്തിയാണ് ഇടിഞ്ഞത്. ഭിത്തിക്കുതാഴെ ഉഴുന്നൻ അബു, നെച്ചിയൻ സാദിഖ് എന്നിവരുടെ വീടുകൾക്കുകൂടി സംരക്ഷണത്തിനായിട്ടായിരുന്നു ഭിത്തി. ഭീഷണിയുള്ള മൂന്നു വീട്ടുകാർക്കും മതിൽ സുരക്ഷിതമാക്കാനുള്ള സാമ്പത്തികശേഷിയുണ്ടായിരുന്നില്ല.

ഈ സാഹചര്യത്തിൽ നാട്ടുകാർ പണം സ്വരൂപിച്ചാണ് കോൺക്രീറ്റ് ഭിത്തി നിർമിക്കാൻ തീരുമാനിച്ചത്. കോൺക്രീറ്റ് ചെയ്യുന്നതിന് മണ്ണുനീക്കിയ ഭാഗമാണ് ശനിയാഴ്ച വൈകുന്നേരം ഇടിഞ്ഞത്. കഴുത്തോളം മണ്ണിലകപ്പെട്ട നാരായണനെ നാട്ടുകാരും തൊഴിലാളികളും ചേർന്ന് മണ്ണുനീക്കിയാണ് രക്ഷപ്പെടുത്തിയത്.