അരീക്കോട് : ദൂരെ മഴയിരമ്പം കേൾക്കുമ്പോൾ ഓടക്കയത്തുകാർക്ക് ഇപ്പോൾ ഭയമാണ്. മറ്റൊരു ദുരന്തം ഉരുൾപൊട്ടുകയാണോ? പിടയുന്ന ഈ പേടി ഉള്ളിലുള്ളതുകൊണ്ടാണ് പ്രസാദും കുടുംബവും ഉയരെ ഒരിടത്ത് ഷീറ്റുകൾകൊണ്ട് ഷെഡ്ഡുണ്ടാക്കി അങ്ങോട്ട് താമസം മാറിയത്. രണ്ടുവർഷംമുൻപ്‌ ഉരുൾപൊട്ടിയെത്തിയ നിർഭാഗ്യം ഇവരുടെ വീട് തല്ലിത്തകർത്തു.

കൊടുമ്പുഴ കോളനി റോഡിനും തോടിനും ഇടയിലെ വീടിന്റെ കോൺക്രീറ്റ് മേൽക്കൂര നിലംപൊത്തി. ഇടിഞ്ഞുപൊളിഞ്ഞ ഈ വീട്ടിൽത്തന്നെയായിരുന്നു മഴയെത്തുമുൻപുവരെയും താമസം. പ്രസാദിന് വീടുവെയ്ക്കാൻ സർക്കാർ അഞ്ചുസെന്റ് സ്ഥലം നൽകി. വീടിന് സർക്കാർ സഹായധനം ഈയിടെ ശരിയായിട്ടുണ്ട്. പക്ഷേ, കോവിഡ് പശ്ചാത്തലത്തിൽ നിർമാണസാമഗ്രികൾ കിട്ടാത്തതിനാൽ പണി വൈകുകയാണ്.

പ്രസാദിന്റെ തകർന്ന വീടിനോട് തൊട്ടുരുമ്മി ഒറ്റമുറി കോൺക്രീറ്റ് വീട്ടിൽ പ്ലാസ്റ്റിക്‌ഷീറ്റ് കൊണ്ട് പൊതിഞ്ഞും തെങ്ങോലകൊണ്ട് മറച്ചുമായിരുന്നു അമ്മ എഴുപതുകാരി ഗൗരിയും മക്കളും താമസിച്ചിരുന്നത്. 2018-ലെ ഉരുൾപൊട്ടലിൽ വാസയോഗ്യമല്ലാതായതാണ് ഇവരുടെ വീടും. പക്ഷേ, ദുരിതബാധിതരുടെ പട്ടികയിൽ ഗൗരിയുടെ പേര് സ്ഥലം പിടിച്ചിട്ടില്ല. അതുകൊണ്ട് ഗൗരിക്ക് വീട് മാറ്റുന്നതിനുള്ള സ്ഥലമോ സഹായങ്ങളോ കിട്ടിയില്ല. മഴ കനത്തപ്പോൾ പ്രസാദ് അമ്മയെ തന്റെ ഷെഡ്ഡിലേക്ക് കൊണ്ടുവന്നു.

നെല്യായി കോളനിയിലെ കരാർ ജോലിക്കാരനായ കൃഷ്ണന് സംഭവിച്ചതും വലിയ ദുരന്തമാണ്. കോൺക്രീറ്റ് കഴിഞ്ഞ് മുളന്തൂണുകളിൽ നിർത്തിയ ഇരുനില വീടും തൊട്ടടുത്ത രണ്ട് വീടുകളുടെ നിർമാണത്തിനായി എത്തിച്ച സാധനസാമഗ്രികളുമെല്ലാം ഉരുൾ തട്ടിയെടുത്തു. കോളനിക്കാർക്ക് മുഴുവൻ യാത്രയ്ക്ക് ആശ്രയമായിരുന്ന ജീപ്പും 2018-ലെ ആ ദുരന്തത്തിൽ മണ്ണടിഞ്ഞ് നശിച്ചു. ഇതോടെ കടംകയറി പെരുവഴിയിലായി കൃഷ്ണൻ. വീടുവെയ്ക്കാൻ സർക്കാർ സഹായധനം അടുത്തിടെയാണ് ശരിയായത്. നിർമാണസാമഗ്രികൾ കിട്ടിയിട്ടുവേണം പണിതുടങ്ങാൻ.

വീടാക്കടം

ദുരന്തത്തിൽ അമ്മയെ നഷ്ടപ്പെട്ടയാളാണ് ഐ.ടി.ഡി.പി. ജില്ലാ ഓഫീസിൽ വാച്ച്മാനായ പ്രേമൻ. അച്ഛനേയും അമ്മയുടെ സഹോദരിയേയുമൊക്കെ ഉരുൾവെള്ളം ഒഴുക്കിക്കൊണ്ടുപോയെങ്കിലും അവരെയെല്ലാം ജീവനോടെ തിരിച്ചുകിട്ടി. എന്നാൽ ആറ്റുനോറ്റ് കെട്ടിപ്പൊക്കിയ വീട് ഉരുൾകൊണ്ടുപോയി.

സർക്കാരിൽനിന്ന് 10 ലക്ഷം രൂപയും കെ.എഫ്.സി.യിൽനിന്ന് ഒരു ലക്ഷം രൂപയും സുഹൃത്തുക്കളിൽനിന്നും സഹപ്രവർത്തകരിൽനിന്നും സ്വരൂപിച്ച നാല്‌ ലക്ഷം രൂപയും അടക്കം 15 ലക്ഷം രൂപ ചെലവഴിച്ച് പണിത താമസിക്കാറായ വീട് നിശ്ശേഷം തകർന്നു.

പിന്നീട് സർക്കാരിൽനിന്നുകിട്ടിയ 10 ലക്ഷം രൂപ ഉപയോഗിച്ച് വീടെന്ന സ്വപ്നം ഇപ്പോൾ ചുമരോളം എത്തിക്കാനായതിന്റെ സന്തോഷത്തിലാണ് പ്രേമൻ.

തന്റെ ശമ്പളത്തിൽനിന്ന് ഇപ്പോഴും മാസംതോറും പഴയ ലോണിലേക്ക് 7,000 രൂപ വീതം പിടിച്ചെടുക്കുന്നുവെന്നതാണ് പ്രേമന്റെ ദുഃഖം. ധനകാര്യമന്ത്രിയടക്കം പലർക്കും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.

നാളെ: കോട്ടക്കുന്ന്‌, ഭീതിയുടെ താഴ്‌വര