അരീക്കോട് : 35 വർഷത്തിലേറെ പഴക്കമുള്ള പഞ്ചായത്തുകിണർ ഇടിഞ്ഞുതാണു. കുനിയിൽ അൻവാർ നഗറിൽ അറബിക് കോളേജ് ഹോസ്റ്റലിന് സമീപത്തായിരുന്നു അപ്രത്യക്ഷമായ കിണർ.

കോളേജ് കമ്മിറ്റിയും സ്വകാര്യവ്യക്തിയും ചേർന്ന് സൗജന്യമായി നൽകിയ സ്ഥലത്ത് ഗ്രാമപ്പഞ്ചായത്ത് നിർമിച്ച കിണറിന് 10 മീറ്ററിലേറെ ആഴമുണ്ടായിരുന്നു. നിരവധി വീട്ടുകാർ ആശ്രയിക്കുന്ന കിണറൽ 23 മോട്ടോറുകൾ ഉണ്ടായിരുന്നു.

കിണറിന്റെ ആൾമറ ഞായറാഴ്ച രാവിലെ 11 മണിയോടെ താണ് ഭൂനിരപ്പിനൊപ്പമെത്തി. ഉച്ചയോടെ പൂർണമായും താണുപോയി. വൈകുന്നേരവും മണ്ണിടിച്ചിൽ തുടരുന്ന സാഹചര്യത്തിൽ സമീപവാസികൾ ഭീതിയിലാണുള്ളത്. പഞ്ചായത്ത്, റവന്യൂ, ഫയർഫോഴ്സ്, പോലീസ്, ജിയോളജി വകുപ്പധികൃതർ സ്ഥലം സന്ദർശിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ നാട്ടുകാരെ അറിയിച്ചു